പോളിങ് ഉദ്യോഗസ്ഥരുടെ വോട്ട്: ഇനി അവസരമില്ലെന്ന് കമീഷൻ
text_fieldsകൊച്ചി: വോട്ടു ചെയ്യാൻ സാധിക്കാത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് ഇനി പോളിങ് സൗകര്യമൊരുക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. ഇവർക്ക് ബാലറ്റുകൾ വിതരണം ചെയ്യാനും വോട്ട് ഉറപ്പാക്കാനും പ്രവർത്തിച്ചിരുന്ന വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളുടെ പ്രവർത്തനം നേരത്തെ നിശ്ചയിച്ചപ്രകാരം ഏപ്രിൽ എട്ടിനുശേഷം അവസാനിപ്പിച്ചു. ശേഷിച്ച എല്ലാ പോസ്റ്റൽ ബാലറ്റുകളും അതിനുശേഷം സീൽ ചെയ്ത് ബന്ധപ്പെട്ട സ്ട്രോങ് റൂമുകളിലേയ്ക്ക് മാറ്റി. ഇനി ഇവർക്ക് വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്യുന്നതും ഫെസിലിറ്റേഷൻ സെന്ററുകളടക്കം പുനഃസ്ഥാപിക്കുന്നതും സംശുദ്ധ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ ബാധിക്കുമെന്ന് കമീഷൻ കോടതിയിൽ സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു.
പോസ്റ്റൽ വോട്ടു ചെയ്യാൻ അവസരം നിഷേധിച്ചതായി ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥർ സമർപ്പിച്ച ഹരജികളിലാണ് വിശദീകരണം. തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ച എല്ലാവർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാൻ ശ്രമിച്ചതായി വിശദീകരണത്തിൽ പറയുന്നു. പോസ്റ്റൽ വോട്ട് അപേക്ഷകൾ കൃത്യമായി പരിഗണിച്ചിട്ടുണ്ട്. അപേക്ഷ നൽകാത്തവർക്കും അപൂർണ അപേക്ഷ നൽകിയവർക്കും സമയത്തിന് അപേക്ഷ ലഭിക്കാത്തവർക്കുമാണ് ബാലറ്റ് കിട്ടാത്തത്. മറ്റുള്ളവർക്കുള്ള ബാലറ്റുകൾ ബന്ധപ്പെട്ട വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകളിലേക്ക് അയച്ചിരുന്നു. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടില്ല.
ഇടക്കാല ഉത്തരവുകളിലൂടെ ഹൈകോടതി നിർദേശിച്ച നടപടികൾ കമീഷൻ സ്വീകരിച്ചതായും വിശദീകരണത്തിൽ പറഞ്ഞു. വിശദീകരണത്തിന് മറുപടിക്ക് ഹരജിക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് എസ്. മനു, വിഷയം വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

