ആരോഗ്യരംഗത്തെ വീഴ്ച, ശബരിമല സ്വർണകൊള്ള, വീണ ജോർജിന് തിരിച്ചടിയായേക്കും
text_fieldsപത്തനംതിട്ട: അഞ്ച് മണ്ഡലങ്ങളുള്ള പത്തനംതിട്ട ജില്ല പൊതുവേ യു.ഡി.എഫ് ശക്തികേന്ദ്രമാണ്. ജില്ലയുടെ ഒരു ഭാഗം കോൺഗ്രസ്, കേരള കോൺഗ്രസ് ആധിപത്യ പ്രദേശം. ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായതിനാൽ അരിവാൾ ചുറ്റിക അത്ര പിടിക്കാത്ത നാടെന്ന ഖ്യാതി. എന്നാൽ റാന്നിയിൽ 25 വർഷം രാജു എബ്രഹാമും തുടർന്ന് പ്രമോദ് നാരായണനും മണ്ഡലം ഇടത്തു നിർത്തി.
തിരുവല്ല നാലുതവണയായി മാത്യൂ ടി. തോമസിലൂടെ ഇടതാണ്. എന്നാൽ ഇത്തവണ കാറ്റ് മാറി വീശുമെന്നാണ് കരുതുന്നത്. ഇടതുപക്ഷത്തും ആത്മവിശ്വാസക്കുറവുണ്ട്. മൂന്നു സീറ്റ് യു.ഡി.എഫ് നേടുമ്പോൾ രണ്ട് സീറ്റുകൾ ഇടതിന് നഷ്ടപ്പെട്ടേക്കും. ആറന്മുളയിലും തിരുവല്ലയിലും മത്സരം പ്രവചനാതീതമാണ്. രണ്ടിടത്തും ബി.ജെ.പി സമാഹരിക്കുന്ന വോട്ടുകൾ നിർണായകം. അനൂപ് ആന്റണിക്കായി പ്രധാനമന്ത്രി തിരുവല്ലയിലെത്തിയത് വോട്ടുവിഹിതം കൂട്ടിയേക്കും. മുൻതൂക്കം യു.ഡി.എഫിലെ വർഗീസ് മാമ്മനാണ്. അതുപോലെ ആറന്മുളയിൽ കുമ്മനം രാജശേഖരൻ പിടിക്കുന്ന വോട്ടുകൾ ഫലത്തെ സ്വാധീനിക്കും. ആറന്മുളയിൽ ഓർത്തഡോക്സ് വോട്ടുകൾ ഭിന്നിക്കും. ശബരിമല സ്വർണകൊള്ളയും ആരോഗ്യരംഗത്തെ വീഴ്ചക്ക് വീണക്ക് തിരിച്ചടിയാകുമെന്നത് ഏതാണ്ടുറപ്പ്. വീണയും പാർട്ടിയും ഇപ്പോഴും അത്ര നല്ല സ്വരച്ചേർച്ചയിലായിട്ടുമില്ല. ഊണും ഉറക്കവുമില്ലാതെ ഓടിനടക്കുന്ന അബിൻ വർക്കിക്ക് വോട്ടുനേടാൻ ആവുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
റാന്നി തിരിച്ചു പിടിക്കാനുള്ള ഊഴം ജില്ലക്ക് പുറത്തുനിന്നുള്ള പഴകുളം മധുവിനാണ്. ശബരിമല ഉൾക്കൊള്ളുന്ന മണ്ഡലത്തിൽ സ്വർണക്കൊള്ള വിഷയം സജീവമാണ്. പഴകളും മധുവിന് ചെറിയ എഡ്ജ് കാണുന്ന മണ്ഡലത്തിൽ മത്സരം കടുത്തതുതന്നെ.
അടൂർ മൂന്നുതവണ ചിറ്റയം ഗോപകുമാർ വിജയിച്ച മണ്ഡലമാണെങ്കിലും ഇടതുപക്ഷത്തിന് സാധ്യത കുറവെന്നാണ് വിലയിരുത്തൽ. സി.വി ശാന്തകുമാറാണ് യു.ഡി.എഫ് സ്ഥാനാർഥി. കഴിഞ്ഞ തവണ ചെറിയ മാർജിനിലാണ് മണ്ഡലം കൈവിട്ടത്. സർവേകളിലും പ്രവചനം അടൂർ യു.ഡി.എഫിനെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

