ആൽമരം മുറിയിൽ മുറുകി രാഷ്ട്രീയപോര്
text_fieldsകോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പ്രതാപൻ, ഫീൽഡിൽ പോകാത്ത എം.പിയെന്ന് മന്ത്രി കെ. രാജന്റെ പരിഹാസം
തൃശൂർ: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് സുരക്ഷയൊരുക്കാനായി തേക്കിന് കാട് മൈതാനത്തെ നായ്ക്കനാലിലെ തിരുവമ്പാടിയുടെ പൂരം കൊടിയേറ്റ് ആൽമരചില്ല മുറിച്ചതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. തെരഞ്ഞെടുപ്പ് വരെ വിഷയം ആളിക്കത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം ആൽമരം മുറിച്ചതിനെ ന്യായീകരിച്ചും വർഗീയത പറഞ്ഞും ബി.ജെ.പിയും രംഗത്തുണ്ട്. മരം മുറിച്ചത് വിശ്വാസ ധ്വംസനമെന്നാണ് കോൺഗ്രസ് ഉയർത്തുന്നത്.
എന്നാൽ അപകടാവസ്ഥയിലായിരുന്നതും നേരത്തെ മരക്കൊമ്പ് പൊട്ടിവീണതിനാൽ ദേവസ്വം ബോർഡ് തന്നെ മുറിച്ചതാണെന്ന് ബി.ജെ.പി ന്യായീകരിക്കുന്നു. ഇതിനിടെ വിഷയത്തിൽ ഹൈകോടതിയും ഇടപെട്ടതോടെ കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് കേസിൽ നിർണായകമാകും. ആൽമരം വെട്ടിയതിനെതിരെ ‘മാനിഷാദ’ സമരവുമായെത്തിയ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ചാണകവെളള പ്രതിഷേധത്തിലും രാഷ്ട്രീയപ്പോര് തുടരുകയാണ്. പ്രതിഷേധവുമായെത്തിയ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടഞ്ഞ ബി.ജെ.പി ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ ടി.എൻ. പ്രതാപനെ ചാണകവെള്ളത്തിൽ കുളിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ധൈര്യമുണ്ടെങ്കിൽ വാ എന്ന് പ്രതാപൻ ബി.ജെ.പിയെയും വെല്ലുവിളിച്ചു.
പ്രതാപന്റെ വെല്ലുവിളിക്കിടയിൽ തൃശൂരിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിലാണ് മത്സരമെന്ന പ്രതാപന്റെ പ്രസ്താവനയെ അതേ നാണയത്തിൽ സി.പി.ഐ നേതാവ് കൂടിയായ മന്ത്രി കെ. രാജൻ തിരിച്ചടിച്ചു.
പ്രതാപൻ ഫീൽഡിൽ പോകാത്ത എം.പിയെന്ന് പരിഹസിച്ച കെ. രാജൻ അരിവാള്‍ നെൽക്കതിരാണ് ഇടതു സ്ഥാനാര്‍ഥിയെന്നും തൃശൂരില്‍ വിജയം മറ്റെങ്ങും പോകില്ലെന്നും രാജന് പറഞ്ഞു. പ്രധാനമന്ത്രിയുടെ വേദിയില്‍ ചാണകവെള്ളം തളിക്കാനെത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ അയച്ച പ്രതാപനെ അതേ നാണയത്തില്‍ നേരിടുമെന്ന ബി.ജെ.പി ജില്ല പ്രസിഡൻറിന്റെ പ്രസ്താവനയാണ് വിവാദത്തിലെ തുടർ പ്രകോപനത്തിന് കാരണമായത്. സമൂഹമാധ്യമത്തിലും ഇരുകൂട്ടരുടെയും പോർവിളി തുടരുന്നുണ്ട്.
ആൽമരം മുറിച്ചതിനെതിരെ വടക്കുന്നാഥൻ ഉപദേശകസമിതിയും രംഗത്തെത്തി. വടക്കുന്നാഥനിലേക്കുള്ള നടവഴി ഇതുവരെയും അടച്ച് പരിപാടി നടത്തിയിട്ടില്ലെന്നും ഇത് മൂലം 41 നാൾ തുടർച്ചയായി തൃപ്പുക തൊഴുന്ന വഴിപാടുള്ളവർക്ക് അത് പൂർത്തിയാക്കാനായില്ലെന്നും ഉപദേശകസമിതി സെക്രട്ടറി ടി.ആർ. ഹരിഹരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

