പൗരത്വ സമര പോരാളികളുടെ ജയിൽവാസം നീതി നിഷേധം; രാഷ്ട്രീയ തടവുകാർക്ക് ജാമ്യം നൽകണം -റസാഖ് പാലേരി
text_fieldsറസാഖ് പാലേരി
തിരുവനന്തപുരം: മുസ്‌ലിം സമൂഹത്തിന് പൗരത്വം നിഷേധിക്കാനുള്ള ബി.ജെ.പി ഭരണകൂടത്തിന്റെ വംശീയ ആസൂത്രണ ശ്രമങ്ങൾക്കെതിരെ പോരാട്ടം നയിച്ച ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി, മീരാൻ ഹൈദർ, ഷിഫാഉറഹ്മാൻ തുടങ്ങിവർക്ക് ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ച നടപടി ദൗർഭാഗ്യകരമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.
പൗരത്വ നിഷേധത്തിനെതിരെ സമരം നയിച്ചതിന്റെ പേരിൽ അഞ്ച് വർഷത്തോളമായി വിചാരണ തടവുകാരായി ജയിൽ കഴിയുന്നവരാണിവർ. രാജ്യത്തെ പൗരന്മാർക്ക് നേരെ സംഘപരിവാർ ആസൂത്രിതമായി നടത്തിയ നീതി നിഷേധത്തിനെതിരെ പോരാട്ടം നയിച്ചതിന്റെ പേരിലാണ് ഇവർ അറസ്റ്റ് ചെയ്യപ്പെട്ടത്.
വർഗീയ കലാപം ഉന്നമിട്ട് ഇന്ത്യയിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് സ്ഫോടനങ്ങൾ നടത്തിയ, കലാപങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ആർ.എസ്.എസ്-ബി.ജെ.പി സംഘ്പരിവാർ കൊടും ക്രിമിനലുകൾ സ്വതന്ത്രരായി രാജ്യത്ത് വിഹരിക്കുമ്പോൾ വംശീയ നിയമങ്ങൾക്കെതിരെ ശബ്ദിച്ച നിരപരാധികൾ വിചാരണത്തടവിലൂടെ ശിക്ഷിക്കപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ ഭരണകൂടവും സംഘപരിവാരും ആസൂത്രണം ചെയ്തു നടപ്പിലാക്കിയ വടക്ക് കിഴക്കൻ ഡൽഹിയിലെ വംശഹത്യ ഉൾപ്പെടെയുള്ള വംശീയ ഉന്മൂല ശ്രമങ്ങളെ ചോദ്യം ചെയ്തവരെ ജയിലിൽ അടച്ചുകൊണ്ട് പ്രതികാര നടപടി സ്വീകരിക്കാനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നത്. അനീതിക്കും വംശീയ ഉന്മൂലന ശ്രമങ്ങൾക്കുമെതിരെ സമരം നയിച്ച എല്ലാ സമര പോരാളികൾക്ക് വെൽഫെയർ പാർട്ടിയുടെ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് റസാഖ് പാലേരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

