'വാതിക്കൽ വന്നല്ലോ വോട്ട്, മാസ്കണിഞ്ഞ് ചെയ്യണം വോട്ട്'
text_fieldsതെരഞ്ഞെടുപ്പ് ഗാനങ്ങളുടെ റെക്കോഡിങ്ങിനിടെ അബ്ദുൽഖാദർ കാക്കനാട് (ഇടത്തുനിന്ന് മൂന്നാമത്) ഗായകരായ ഫഹദ്, ലിജി ഫ്രാൻസിസ്, എൻ.എച്ച്. ഷബീർ എന്നിവർക്ക് നിർദേശം നൽകുന്നു
കൊച്ചി: ''വാതിക്കൽ വന്നല്ലോ വോട്ട്, മാസ്കണിഞ്ഞ് ചെയ്യണം വോട്ട്...'' തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടർമാരെ പാട്ടിലാക്കാൻ ഇക്കുറി അണിയറയിൽ ഒരുങ്ങുന്ന പാട്ടുകൾ വെറും പ്രചാരണം മാത്രമല്ല കോവിഡ് കാലത്തെ ബോധവത്കരണം കൂടിയാണ്. സ്വന്തം സ്ഥാനാർഥിക്ക് വോട്ട് ചോദിക്കുന്നതിനൊപ്പം മാസ്ക് അണിയേണ്ടതിെൻറയും സാമൂഹിക അകലം പാലിക്കേണ്ടതിെൻറയും പ്രാധാന്യംകൂടി പാട്ടുകൾ ഓർമിപ്പിക്കുന്നു.
ലോക്ഡൗണിൽ നിശ്ചലമായ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ െറക്കോഡിങ് സ്റ്റുഡിയോകളും മാസങ്ങളായി ജോലിയില്ലാതെ വീട്ടിലിരുന്ന
ഗായകസംഘങ്ങളും ഇപ്പോൾ വോട്ട് പാട്ടിെൻറ തിരക്കിലാണ്. ഇക്കുറി മുഖ്യ പ്രചാരണായുധം സമൂഹമാധ്യമമായതിനാൽ പാട്ടിനും ആവശ്യക്കാർ ഏറെ. മുമ്പ് കവലകളിലും പാർട്ടി യോഗങ്ങളിലും പ്രചാരണ വാഹനങ്ങളിലും മുഴങ്ങിയ ഗാനങ്ങൾ ഇത്തവണ വാട്സ്ആപ്പിലും ഫേസ്ബുക്കിലും പറപറക്കും.
യു.ഡി.എഫും എൽ.ഡി.എഫും സ്വതന്ത്രരും രാഷ്ട്രീയേതര സംഘടനകളുമൊന്നും പാട്ട് ഒഴിവാക്കുന്നില്ല. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വിവിധ പാർട്ടികൾക്കായി മുപ്പതോളം പേർ ഇതിനകം പാട്ടിന് സമീപിച്ചതായി കാൽനൂറ്റാണ്ടിനിടെ ആയിരക്കണക്കിന് തെരഞ്ഞെടുപ്പ് ഗാനങ്ങൾ എഴുതിയ അബ്ദുൽഖാദർ കാക്കനാട് പറയുന്നു. അതത് കാലത്തെ ഹിറ്റ് സിനിമ ഗാനങ്ങളുടെ ഈണത്തിലുള്ള പാട്ടുകൾക്കാണ് എപ്പോഴും ഡിമാൻറ്.
എന്നാൽ, പുതിയ സിനിമകൾ ഇറങ്ങാത്തതിനാൽ കോവിഡ്കാലത്തിന് മുമ്പിറങ്ങിയ ചിത്രങ്ങളിലെ ഹിറ്റ് പാട്ടുകൾക്കാണ് പ്രിയം. വാതിക്കൽ വെള്ളരിപ്രാവ് (സൂഫിയും സുജാതയും), കലക്കാത്ത സന്ദനം മേരം (അയ്യപ്പനും കോശിയും), നീരജ് മാധവിെൻറ ആൽബം ഗാനം 'അയ്യയ്യോ പണി പാളീലോ', സയനോരയുടെ ആൽബം ഗാനം 'ബെങ്കി ബെങ്കി ബെങ്കി ബൂം ബൂം' എന്നിവയുടെ ഈണത്തിലുള്ള പാട്ടുകൾക്കാണ് ഓർഡർ കൂടുതൽ.
പഴയ ഗാനങ്ങൾക്കും മാപ്പിളപ്പാട്ടുകൾക്കും കലാഭവൻ മണിയുടെ നാടൻ പാട്ടുകൾക്കും നാടകഗാനങ്ങൾക്കും എല്ലാ പാർട്ടിയിലും ആവശ്യക്കാരുണ്ട്. യു.ഡി.എഫ് സ്വർണക്കടത്തും ബിനീഷിനെതിരായ കേസുമായി സർക്കാറിനെ കണക്കറ്റ് കളിയാക്കുേമ്പാൾ എൽ.ഡി.എഫ് കോവിഡ് പ്രതിരോധവും മറ്റ് ഭരണനേട്ടങ്ങളുമാണ് നിരത്തുന്നത്. ഇരുമുന്നണികൾക്കുമെതിരായ ആരോപണങ്ങളും മോദിയുടെ മികവുമാണ് ബി.ജെ.പിയുടെ തുറുപ്പുശീട്ട്.