പൊതു ജീവിതത്തിൽ സംശുദ്ധി പാലിച്ച നേതാവ് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും സംശുദ്ധി പാലിച്ചയാളാണ് ഉഴവൂര്‍ വിജയനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാഞ്ചല്യമില്ലാതെ ഇടതു രാഷ്ട്രീയത്തിനൊപ്പം നിലകൊണ്ട നേതാവായിരുന്നു ഉഴവൂരെന്നും പിണറായി അനുസ്മരിച്ചു.
രമേശ് ചെന്നിത്തല
രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും തനിക്ക് നഷ്ടമായത് അടുത്ത സുഹൃത്തിനെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. നല്ല രാഷ്ട്രീയ നേതാവ് മാത്രമല്ല മികച്ച സഹ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഉഴവൂര്‍ വിജയൻ. കെ.എസ്.യു കാലം മുതല്‍ അടുത്ത ബന്ധം ഉണ്ടായിരുന്നു. കെ.ആര്‍. നാരായണന്‍റെ രാഷ്ട്രപതി സ്ഥാനാർഥിത്വവുമായി തനിക്കൊപ്പം മുന്നിട്ടിറങ്ങിയതും ഉഴവൂര്‍ വിജയനായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
വി.എം. സുധീരൻ, മുൻ കെ.പി.സി.സി അധ്യക്ഷൻ
ഉഴവൂർ വിജയന്‍റെ വേർപാടിൽ അതിയായി ദുഃഖിക്കുന്നു. എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. കേരള വിദ്യാർഥി യൂണിയന്‍റെ പ്രവർത്തന കാലഘട്ടം മുതലേ വിജയനുമായി അടുത്ത ബന്ധമുണ്ട്. അന്നേ നല്ലൊരു സംഘാടകനായിരുന്നു. കെ.എസ്.യു സംസ്ഥാന ഭാരവാഹി എന്ന നിലയിൽ കോട്ടയത്തെത്തുമ്പോൾ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തതും കെ.എസ്.യു പരിപാടികളിൽ പങ്കെടുത്തതും മറക്കാനാകാത്ത ഓർമ്മയായി ഇന്നും മനസിലുണ്ട്. ഏത് കാര്യവും സരസമായി അവതരിപ്പിക്കാനുള്ള ഒരു പ്രത്യേക കഴിവ് അന്നേ അദ്ദേഹത്തിനുണ്ടായിരുന്നു. കോട്ടയം ജില്ലയിൽ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെ പ്രവർത്തിച്ച് വളർന്ന് പിന്നീട് എൻ.സി.പിയിലൂടെ കേരള രാഷ്ട്രീയത്തിൽ സജീവ സാന്നിധ്യമായി അദ്ദേഹം മാറി. തനതായ ഒരു പ്രസംഗ ശൈലിയിലൂടെ കേരളത്തിലെ ജനങ്ങളുടെ മനസിൽ ഇടം നേടാനായ നേതാവാണ് ഉഴവൂർ വിജയൻ. അദ്ദേഹത്തിന്‍റെ അകാലത്തിലുള്ള വിയോഗം കേരളത്തിലെ പൊതുരംഗത്തിന് തീരാനഷ്ടമാണ്. പ്രിയപ്പെട്ട ഉഴവൂർ വിജയന്‍റെ പാവനസ്മരണക്ക് മുന്നിൽ സ്നേഹാഞ്ജലി അർപ്പിക്കുന്നു.
ഉമ്മൻചാണ്ടി, മുൻ മുഖ്യമന്ത്രി
കേരള രാഷ്ട്രീയത്തിൽ വളരെ ഊർജ്വസ്വലനായ ഒരു രാഷ്ട്രീയ നേതാവായിരുന്നു ഉഴവൂർ വിജയൻ. കെ.എസ്.യു വിദ്യാർഥി പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുതൽ അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു എനിക്കുണ്ടായിരുന്നത്. അകാലത്തിലുള്ള അദ്ദേഹത്തിന്‍റെ വേർപാട് കേരള രാഷ്ട്രീയത്തിൽ ഒരു തീരാനഷ്ടമാണ്. എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന് ആദരാഞ്ജലികൾ.
ഡോ. തോമസ് ഐസക്, ധനമന്ത്രി
പൊട്ടിച്ചിരിയുടെയും ഹർഷാരവങ്ങളുടെയും പ്രകമ്പനങ്ങൾക്കു തീകൊളുത്തി കത്തിക്കയറുന്ന ഉഴവൂർ വിജയൻ പ്രസംഗങ്ങൾക്ക് അനേകം തവണ സാക്ഷിയായിട്ടുണ്ട്. കഥകളും ഉപകഥകളും സൂപ്പർതാര ഡയലോഗുകളും സിനിമാപ്പേരുകളുമൊക്കെ തരാതരംപോലെ വാരിവീശി കൈയടി നേടാൻ പ്രത്യേകമായ ഒരു സിദ്ധിതന്നെയുണ്ടായിരുന്നു അദ്ദേഹത്തിന്. സ്വന്തം പാർടിയുടെ അതിരുകൾക്കപ്പുറത്തേയ്ക്കൊരു സ്വീകാര്യത വാഗ് സാമർഥ്യം കൊണ്ട് ഇതുപോലെ നേടിയെടുത്ത മറ്റൊരു നേതാവില്ല. ഉഴവൂർ വിജയൻ പ്രസംഗിക്കുന്നു എന്നൊരു ബിറ്റ് നോട്ടീസൊട്ടിച്ചാൽ മതി. ആൾക്കൂട്ടം ഒഴുകിയെത്തുമായിരുന്നു. ആ വാഗ്ധോരണി ഇനി കേൾക്കാനാവില്ല എന്നു വിശ്വസിക്കാൻ പ്രയാസം. അദ്ദേഹത്തിന്റെ ആകസ്മികമായ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
എ.കെ. ശശീന്ദ്രന്‍, എൻ.സി.പി നേതാവ്
തനിക്കൊരനിയന്‍ നഷ്ടമായ വേദനയാണെന്ന് എൻ.സി.പി നേതാവും മുന്‍ മന്ത്രിയുമായ എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. മരണം അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
എ.കെ. ബാലന്‍, മന്ത്രി
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇടതുപക്ഷ രാഷ്ട്രീയത്തോടൊപ്പം ജനങ്ങളെ അണിനിരത്തുന്നതില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൊതുപ്രവര്‍ത്തകനാണ് ഉഴവൂര്‍ വിജയന്‍. വിദ്യാർഥി പ്രസ്ഥാന കാലം മുതല്‍ ഉഴവൂരുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തിയിരുന്നു. നിസ്വാര്‍ത്ഥത, ആത്മാര്‍ത്ഥ, ജനങ്ങളോടുള്ള പ്രതിബന്ധത ഇവ മൂന്നും എന്നും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. തന്‍റെ തനത് ശൈലിയിലൂടെ എൽ.ഡി.എഫ് നയങ്ങളും സര്‍ക്കാര്‍ നേട്ടങ്ങളും ജനങ്ങളിലെത്തിക്കാന്‍ ആത്മാർഥമായി ശ്രമിച്ചിരുന്ന ഉഴവൂരിന്‍റെ വിയോഗം എൽ.ഡി.എഫിന് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തില്‍ മന്ത്രി ബാലൻ പറഞ്ഞു.
എം.എം. ഹസന്‍, കെ.പി.സി.സി അധ്യക്ഷന്‍
രാഷ്ട്രീയ രംഗത്ത് വ്യത്യസ്തമായ വ്യക്തിത്വം പുലര്‍ത്തിയ നേതാവായിരുന്നു ഉഴവൂര്‍ വിജയനെന്ന് കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അനുകൂലിക്കുമ്പോഴും എതിര്‍ക്കുമ്പോഴും മാന്യവും സൗഹൃദപരമായ സമീപനവും നര്‍മ്മരസത്തോടുള്ള പ്രസംഗങ്ങളും കൊണ്ട് സംസ്‌കാര സമ്പന്നമായ പ്രവര്‍ത്തന ശൈലിയുള്ള നേതാവായിരുന്നു അദ്ദേഹം. കെ.എസ്.യു പ്രവര്‍ത്തന കാലത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഊഷ്മളമായ സൗഹൃദം പുലര്‍ത്തുകയും ചെയ്തിരുന്ന വിജയന്‍റെ നിര്യാണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ് വരുത്തിയിട്ടുള്ളത്. വിജയന്‍റെ നിര്യാണത്തില്‍ കെ.പി.സി.സിക്കുള്ള അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
കാനം രാജേന്ദ്രന്‍, സി.പി.എെ സംസ്ഥാന സെക്രട്ടറി
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ പ്രചാരകനായിരുന്നു വിജയനെന്ന് സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
