‘ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിന്‍റെ പ്രയോക്താവ്’; സി.വി. പത്മരാജന്‍റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ
text_fieldsതിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും കെ.പി.സി.സി മുൻ അധ്യക്ഷനുമായിരുന്ന സി.വി. പത്മരാജന്‍റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. കോണ്‍ഗ്രസ് തറവാട്ടിലെ കാരണവരാണ് സി.വി. പത്മരാജന്‍ എന്ന പത്മരാജൻ വക്കീൽ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു.
ഐക്യമാണ് ശക്തിയെന്ന സന്ദേശത്തിന്‍റെ പ്രയോക്താവ്. മാന്യവും സൗമ്യവുമായ രാഷ്ട്രീയത്തിന്‍റെ മുഖം. ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും കെ.പി.സി.സി അധ്യക്ഷനായും മന്ത്രിയായും അസാമാന്യ നേതൃപാടവം കാട്ടിയ വ്യക്തിത്വമാണ് സി.വി. പത്മരാജന്‍റേത്. ലീഡര്‍ കെ. കരുണാകരന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും സി.വി പത്മരാജന്‍ കെ.പി.സി.സി അധ്യക്ഷനുമായിരുന്നു ഒരു കാലഘട്ടത്തിന് കോണ്‍ഗ്രസ് രാഷ്ട്രീയം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണകാലഘട്ടമായിരുന്നു അത്.
കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്ത് സംഘടനാതലത്തിലേക്കും പ്രവര്‍ത്തകര്‍ക്കിടയിലേക്കും അസാമാന്യ ഊര്‍ജമാണ് പത്മരാജന്‍ എന്ന നേതാവ് പ്രവഹിപ്പിച്ചിരുന്നത്. കെ.പി.സി.സിക്ക് സ്വന്തമായി ഒരു ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയതും പത്മരാജൻ വക്കീലിന്‍റെ കാലത്തായിരുന്നു. സംസ്ഥാനത്ത് ഉടനീളെ സഞ്ചരിച്ച് പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച പണം ഉപയോഗിച്ച് തിരുവനന്തപുരം ശാസ്തമംഗലത്ത് വാങ്ങിയ സ്ഥലത്താണ് കേരളത്തിലെ ഓരോ കോണ്‍ഗ്രസുകാരന്റെയും ആത്മാഭിമാനത്തിന്റെ പ്രതീകമായി ഇന്ദിര ഭവന്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്.
കെ.പി.സി.സി അധ്യക്ഷനെന്ന നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വളര്‍ച്ചക്കും കെട്ടുറപ്പിനും മാത്രമാണ് അദ്ദേഹം മുന്‍ഗണന നല്‍കിയത്. വിയോജിപ്പുകള്‍ക്കിടയിലും യോജിപ്പിന്റേതായ വഴികളും അതിനു വേണ്ടിയുള്ള ഇടപെടലുകളുമായിരുന്നു പത്മരാജൻ വക്കീലിന്റെ രാഷ്ട്രീയ ലൈന്‍. പത്മരാജന്‍ സാറിന്റെ പിന്തുണ ആവോളം ലഭിച്ച ഒരാളാണ് ഞാന്‍. അദ്ദേഹത്തെ പോലെ ദീര്‍ഘദര്‍ശികളും ബഹുമുഖപ്രതിഭകളുമായ നിരവധി നേതാളുടെ പിന്‍മുറക്കാരനാകാന്‍ സാധിച്ചത് തന്നെ വലിയൊരു ഭാഗ്യമാണ്.
പാര്‍ട്ടിക്ക് കരുത്താകുന്ന പരിചയ സമ്പത്തുള്ള പത്മരാജന്‍ വക്കീലിന്‍റെ രാഷ്ട്രീയ ജീവിതം പുതുതലമുറയില്‍പ്പെട്ടവർക്ക് വഴികാട്ടിയാകുമെന്നതില്‍ സംശയമില്ല. പത്മരാജൻ വക്കീലിന്‍റെ വിയോഗം കോൺഗ്രസ് പാർട്ടിക്ക് നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്
മതേതരവാദിയും മനുഷ്യ സ്‌നേഹിയുമായ പൊതുപ്രവര്‍ത്തകനായിരുന്നു സി.വി. പത്മരാജന്‍ വക്കീല്‍. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയ നേതാവ്. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയത് പത്മരാജന്‍ വക്കീലാണ്.
സൗമ്യമായ പെരുമാറ്റം കൊണ്ടും സുതാര്യമായ നിലപാട് കൊണ്ടും ഏവരുടെയും സ്‌നേഹം നേടിയെടുത്ത അദ്ദേഹം എക്കാലവും പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ നിന്ന് പ്രവര്‍ത്തിച്ച നേതാവാണ്. കെ.പി.സി.സി പ്രസിഡന്റായി ചുമതല വഹിച്ച കാലഘട്ടത്തില്‍ ഐക്യത്തോടെ പാര്‍ട്ടിയെ നയിച്ചു. പ്രായം തളര്‍ത്താത ഊര്‍ജസ്വലതയോടെ അവസാന കാലഘട്ടത്തിലും കോണ്‍ഗ്രസിന്റെ വളര്‍ച്ചക്കായി പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച പത്മരാജന്‍ വക്കീലിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാകത്ത നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
സി.വി. പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി ജൂലൈ 17,18 തീയതികളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിക്കുന്നു. ഇന്നേ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായും സണ്ണി ജോസഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

