വിമാനത്തിലെ 'ആക്രമണ'ത്തിൽ രാഷ്ട്രീയ ഗൂഢാലോചന -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ അക്രമിച്ചെന്ന കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് പിണറായി വിജയന്. ഈ സംഭവവുമായി ബന്ധപ്പെട്ട് വലിയതുറ പൊലീസ് അന്വേഷണം തുടരുകയാണ്. ഗൂഢാലോചനയില്‍ രാഷ്ട്രീയനേതാക്കളുടെ പങ്കാളിത്തം കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി. കേസിലെ ഒന്നും മൂന്നും പ്രതികളായ ഫര്സീന് മജീദ്, സുനീത് നാരായണന് എന്നിവര്‍ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റും ജന. സെക്രട്ടറിയുമാണ്. രണ്ടാം പ്രതി നവീന്‍കുമാര്‍ കണ്ണൂര്‍ ജില്ല സെക്രട്ടറിയും നാലാം പ്രതി കെ.എസ്. ശബരീനാഥന് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്. മുഖ്യമന്ത്രിയുടെ വാഹനം കാക്കനാട് തടയാന്‍ ശ്രമിച്ച കേസിലെ പ്രതി സോണി ജോര്‍ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇയാൾ മറ്റ് 11 ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് ചോദ്യോത്തര വേളയിൽ അദ്ദേഹം മറുപടി നൽകി.
'ജയരാജന് വധശ്രമക്കേസിൽ സുധാകരൻ ഒന്നാംപ്രതി'
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് വധശ്രമക്കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പങ്കുണ്ടെന്ന് അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവർ പ്രശാന്ത് ബാബു വെളിപ്പെടുത്തിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ വ്യക്തമാക്കി. ജയരാജനെ വധിക്കാന്‍ തൈക്കാട് െഗസ്റ്റ്ഹൗസില്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ തമ്പാനൂര്‍ പൊലീസ് കേസ് എടുത്തിരുന്നു. രണ്ടും നാലും പ്രതികള്‍ മരിച്ചു. ഒന്നാം പ്രതി കെ. സുധാകരന്, മൂന്നാം പ്രതി ടി.പി. രാജീവന്, അഞ്ചാം പ്രതി പി.കെ. ദിനേശന് എന്നിവരാണ് വിചാരണ നേരിടുന്നത്. വിചാരണ നടപടികള്‍ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
മഞ്ചേശ്വരം ഭാഗത്ത് പ്രത്യേക സാഹചര്യം രൂപപ്പെടുന്നുണ്ട്. ഇവിടെ നടക്കുന്ന ചില സംഭവങ്ങളില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ളവരും ഉള്‍പ്പെടുന്നു. കാസര്‍കോട് ജില്ലയുടെ ചില ഭാഗങ്ങളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. കര്‍ശന നടപടി സ്വീകരിച്ചുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

