Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എം.എ വിവാദം: മരുന്ന് മാറി; ‘പാർശ്വഫലം’ സി.പി.എമ്മിന്

text_fields
bookmark_border
മുൻ ആരോഗ്യ മന്ത്രിമാരുടെ വാർത്തസമ്മേളനം പരിക്കേൽപിച്ചെന്ന് ഇടതുക്യാമ്പ്
എസ്.എം.എ വിവാദം: മരുന്ന് മാറി; ‘പാർശ്വഫലം’ സി.പി.എമ്മിന്
cancel

തിരുവനന്തപുരം: എസ്.എം.എ മരുന്ന് വിവാദത്തിൽ സർക്കാറിനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കാൻ തൊടുത്ത അസ്ത്രങ്ങൾ നയപരമായ ചോദ്യങ്ങളായി സി.പി.എമ്മിനെ തിരിഞ്ഞു കൊത്തുന്നു. ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ അമിത വിലയുള്ള മരുന്നിന് പകരം, പൂർണമായും ഇന്ത്യൻ നിർമിതവും വില കുറഞ്ഞതുമായ ജനറിക് മരുന്ന് നൽകുന്നതിനെതിരെ മൂന്ന് മുൻ ആരോഗ്യ മന്ത്രിമാർ നടത്തിയ വാർത്തസമ്മേളനം ഗുണത്തെക്കാളേറെ തെറ്റിദ്ധാരണയും പരിക്കുമേൽപിച്ചെന്ന വിലയിരുത്തലിലാണ് ഇടതുക്യാമ്പ്.

അന്താരാഷ്ട്ര മരുന്ന് കുത്തകകൾക്കും ബൗദ്ധിക സ്വത്തവകാശ നിയമങ്ങളിലെ ചൂഷണങ്ങൾക്കുമെതിരെ എക്കാലവും നിലകൊള്ളുന്ന സി.പി.എം, സ്വിസ് ബഹുരാഷ്ട്ര കുത്തക കമ്പനിക്കുവേണ്ടി വാദിക്കുകയും ജനറിക് മരുന്നിനെ തള്ളിപ്പറയുകയും ചെയ്തത് വലിയ ആശയ വൈരുധ്യമായാണ് വിലയിരുത്തപ്പെട്ടത്. ഇതോടെ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തേണ്ടിവന്നു.

വന്‍കിട മരുന്ന് കമ്പനികളുടെ കുത്തകയും ചൂഷണവും തടയാന്‍ ജനറിക് മരുന്നുകള്‍ ആവശ്യമാണെന്ന് തന്നെയാണ് പ്രതിപക്ഷ നിലപാടെന്നായിരുന്നു പിണറായിയുടെ വിശദീകരണം. കുട്ടികളിൽ മരുന്നു പരീക്ഷണം നടത്തുന്നതായി വൈകാരികമായി ആരോപിച്ചതിലൂടെ പൊതുസമൂഹത്തിലുണ്ടാകുന്ന ഭീതിയെ മുതലെടുത്ത് സർക്കാറിനെ എളുപ്പത്തിൽ പ്രതിസന്ധിയിലാക്കാമെന്നായിരുന്നു സി.പി.എം കണക്കുകൂട്ടൽ.

ജനറിക് മരുന്ന് വികസിപ്പിച്ചെടുത്ത ഇന്ത്യൻ കമ്പനിയെ തള്ളിപ്പറയുകയും അവർക്കെതിരെ മരുന്ന് പരീക്ഷണ ആരോപണം ഉന്നയിക്കുകയും ചെയ്തതിലൂടെ ഒരു കുപ്പിക്ക് ആറു ലക്ഷം രൂപ ഈടാക്കി രോഗബാധിതരുടെ കുടുംബങ്ങളെ കൊള്ളയടിക്കുന്ന വിദേശ കമ്പനിക്കുവേണ്ടി സി.പി.എം വാദിക്കുന്നുവെന്ന പ്രതീതിയാണ് പൊതുവിലുണ്ടായത്.

ഡോ. ബി. ഇക്ബാലിനെപ്പോലെ സ്വന്തം പാളയത്തിലെ ഇടതു ബുദ്ധിജീവികളുടെ പരസ്യമായ വിയോജിപ്പും എസ്.എം.എ രോഗികളുടെ വേദനനിറഞ്ഞ പരസ്യ പ്രതികരണങ്ങളും കൂടിയായതോടെ സി.പി.എം ശരിക്കും പ്രതിരോധത്തിലായി. കേരളത്തിലെ ഇടത് സഹായാത്രികനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അമരക്കാരനുമായ ഡോ. ബി. ഇക്ബാൽ, യു.ഡി.എഫ് സർക്കാറിന്റെ ജനറിക് മരുന്ന് തീരുമാനത്തെ പരസ്യമായി സ്വാഗതം ചെയ്തുവെന്നതും സി.പി.എമ്മിനെ സംബന്ധിച്ച് അപ്രതീക്ഷിതമായിരുന്നു.

വിവാദങ്ങൾ കത്തുന്നതിനിടെ, പിണറായി വിജയൻ സർക്കാറിന്‍റെ അവസാന കാലത്ത് ഇതേ കമ്പനിയുടെ ജനറിക് മരുന്ന് വിലക്കുറവിൽ വാങ്ങാൻ സർക്കാർതല വിദഗ്ധ സമിതി ശിപാർശ ചെയ്യുകയും പ്രാരംഭ ചർച്ച ആരംഭിക്കുകയും ചെയ്ത വിവരം മന്ത്രി കെ. മുരളീധരൻ വെളിപ്പെടുത്തി. ഇതോടെ തങ്ങളുടെ കാലത്ത് അംഗീകരിച്ച നയത്തെ പ്രതിപക്ഷത്തായപ്പോൾ ‘പിഞ്ചുകുട്ടികളിലെ മരുന്ന് പരീക്ഷണം’ എന്ന് അധിക്ഷേപിക്കുന്നതിന്റെ വൈരുധ്യവും സി.പി.എമ്മിന് നേരെ ഉയർന്നു.

ശാസ്ത്രീയവും സാങ്കേതികവുമായ ഇത്തരം സങ്കീർണ വിഷയങ്ങളിൽ പാർട്ടിക്ക് മുൻകാലങ്ങളിൽ കൃത്യമായ ഉപദേശം നൽകിയിരുന്നത് ജനകീയ ആരോഗ്യ പ്രവർത്തകരും ബുദ്ധിജീവികളുമായിരുന്നു. എന്നാൽ, അവരുടെ അഭിപ്രായങ്ങൾക്ക് കാത്തുനിൽക്കാതെ അതിവേഗം രാഷ്ട്രീയ നീക്കം നടത്തിയതാണ് തിരിച്ചടിയായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - SMA Medicine Controversy: CPM Faces Political Backlash in Kerala
Next Story