രാഷ്ട്രീയസഖ്യം മുന്നണിക്കുള്ളിൽ മാത്രം; പ്രാദേശികതല സഹകരണമാവാം –യു.ഡി.എഫ്
text_fieldsഎറണാകുളം ഡി.സി.സി ഓഫിസിൽ നടന്ന യു.ഡി.എഫ് ഉന്നതാധികാര യോഗത്തിനുശേഷം നര്‍മസംഭാഷണത്തിൽ ഏര്‍പ്പെട്ടിരിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ, അനൂപ് ജേക്കബ് എം.എൽ.എ, പി.ജെ. ജോസഫ് എം.എൽ.എ, സി.പി.
ജോൺ, ജോണി നെല്ലൂര്‍ തുടങ്ങിയവര്‍
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി സഖ്യം ഒഴിവാക്കാനും സഹകരിക്കാൻ തയാറുള്ള കക്ഷികളും വ്യക്തികളുമായും പ്രാദേശികതലത്തിൽ സഹകരണമുണ്ടാക്കാനും യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായ രമേശ് ചെന്നിത്തല, യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എറണാകുളത്ത് യോഗം ചേർന്നത്.
പ്രാേദശികാടിസ്ഥാനത്തിൽ അഴിമതിക്കും ദുർഭരണത്തിനും ഫാഷിസത്തിനുമെതിരെ പോരാടുന്ന ചെറുതും വലുതുമായ കക്ഷികൾ, സാമൂഹിക സംഘടനകൾ, വ്യക്തികൾ എന്നിവരുമായി ആ പ്രദേശത്തെ ആവശ്യമനുസരിച്ച് ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള അധികാരം പാർട്ടിഘടകങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച ചോദ്യത്തിന് മറുപടിയായാണ് പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കിയത്. ആരെയൊക്കെയാണ് ചേർക്കേണ്ടതെന്ന് താഴെ തലങ്ങളിലാണ് തീരുമാനമെടുക്കാനാവുക. യു.ഡി.എഫ് കണ്‍വീനര്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തിയന്ന വാര്‍ത്തകള്‍ക്ക് മറുപടി നല്കിയിട്ടുള്ളതാണ്. എന്നും ഇതേ ചോദ്യം ആവര്‍ത്തിച്ചാല്‍ മറുപടിയില്ലെന്ന് ചെന്നിത്തല പ്രതികരിച്ചു.
ജോസ് െക. മാണി വിഭാഗം എൽ.ഡി.എഫിലേക്ക് പോയതുകൊണ്ട് കേരള കോൺഗ്രസിൽ ഒരു വിള്ളലുമുണ്ടാവില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കും. പി.സി. ജോർജ് മുന്നണിപ്രവേശനവുമായി ബന്ധപ്പെട്ട് സമീപിച്ചിട്ടില്ല. വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും. പി.സി. തോമസ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചും ചർച്ച ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
സീറ്റ് വിഭജനമുൾെപ്പടെ കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാൻ പ്രതിപക്ഷ നേതാവും പ്രമുഖ കക്ഷിനേതാക്കളും പങ്കടുക്കുന്ന ജില്ലതല നേതൃയോഗങ്ങൾ നവംബർ നാലുമുതൽ നടക്കുമെന്ന് ഹസൻ അറിയിച്ചു. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ പി.ജെ. ജോസഫ്, എം.കെ. മുനീർ, അനൂപ് ജേക്കബ്, മറ്റു കക്ഷിനേതാക്കളായ കെ.പി.എ. മജീദ്, ജോണി നെല്ലൂർ, ജി. ദേവരാജൻ, എ.എ. അസീസ്, സി.പി. ജോൺ, ജോൺ ജോൺ എന്നിവർ നേരിട്ടും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓൺലൈനായും പങ്കെടുത്തു.