ഐക്യനീക്കത്തിൽ രാഷ്ട്രീയം; ലക്ഷ്യം തെരഞ്ഞെടുപ്പ്
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് അരികിലെത്തിനിൽക്കെ, എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യ നീക്കവും പിന്നാലെ ഇരു സമുദായനേതാക്കളെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഉന്നംവെച്ചതിനും പിന്നിൽ രാഷ്ട്രീയ അജണ്ട. വികസനവും ഭരണനേട്ടങ്ങളും ചർച്ചയാകേണ്ട തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള സമുദായ രാഷട്രീയത്തിലേക്ക് അജണ്ട മാറ്റുകയും ഭരണവിരുദ്ധ വികാരവുാം സ്വർണ്ണക്കൊള്ളയുമടക്കം ചർച്ചകളെ പ്രതിരോധിക്കലുമാണ് ലക്ഷ്യമെന്നാണ് വിമർശനം.
സി.പി.എമ്മിന് ഭരണത്തുടർച്ച കിട്ടുമെന്നതിൽ വെള്ളാപ്പള്ളി പ്രതീക്ഷ പരസ്യമാക്കിയെങ്കിൽ തെരഞ്ഞെടുപ്പിൽ സതീശനെ മുൻനിർത്തിയാൽ ‘കാത്തിരുന്ന് കാണണമെന്ന’മുന്നറിയിപ്പാണ് സുകുമാരൻ നായരിൽ നിന്നുണ്ടായത്. മാത്രമല്ല, ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച അദ്ദേഹം സി.പി.എമ്മിന്‍റെ കാര്യത്തിൽ അൽപം പൊതിഞ്ഞ പ്രതികരണങ്ങളാണ് നടത്തിയതും. ഫലത്തിൽ അജണ്ടമാറുന്നതിന്‍റെ പ്രയോജനം തദ്ദേശ തെരഞ്ഞെടുപ്പിൽ പരിക്കേറ്റ് നിൽക്കുന്ന ഇടതുപക്ഷത്തിനാണ്.
അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും മാറ്റിവെച്ച് എൻ.എസ്.എസ്-എസ്.എൻ.ഡി.പി ഐക്യനീക്കം മാത്രമല്ല, ഇരുവരും ഒരേ സ്വരത്തിൽ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തുവരുന്നത് കേരള രാഷ്ട്രീയത്തിലെ അസാധാരണ സാഹചര്യമാണ്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ രൂക്ഷമായ വിമർശനങ്ങൾ വലിയ ചർച്ചയായതിന് പിന്നാലെയാണ് ഇരുനേതാക്കളെയും സതീശനെതിരെ തുറന്നടിച്ച് രംഗത്തെത്തിയെന്നതും ശ്രദ്ധേയം. ഉപതെരഞ്ഞെടുപ്പുകൾ മുതൽ തദ്ദേശ തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് മുന്നേറ്റങ്ങളുടെ അമരത്തുള്ളയാളിനെ ഉന്നംവെക്കുന്നുവെന്നത് ഐക്യ നീക്കങ്ങളുടെ ഉദ്ദേശ ശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നു. ഇടതുമുന്നണിയുടെ ഭരണം പത്താം വർഷം പൂർത്തിയാക്കുന്ന വേളയിൽ എസ്.എൻ.ഡി.പി-എൻ.എസ്.എസ് ഐക്യം കാലത്തിന്‍റെ അനിവാര്യതയെന്ന് പറയുമ്പോഴും എന്താണ് സാഹചര്യമെന്ന് നേതാക്കൾ വിശദീകരിക്കുന്നുമില്ല. ഫലത്തിൽ ഈ നീക്കത്തിന് പിന്നിൽ കേവലം വ്യക്തിപരമായ വിരോധമല്ല, മറിച്ച് നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്ന വിമർശനവും കനപ്പെടുകയാണ്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിമർശനങ്ങൾക്ക് പല മാനങ്ങളുണ്ട്. അതിലൊന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ പുതിയ ശൈലിയാണ്. സാമുദായിക സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്നത് സതീശൻ ഒരു നിലപാടായി അവതരിപ്പിക്കുമ്പോൾ, അത് തങ്ങളെ അപമാനിക്കുന്നതായാണ് സുകുമാരൻ നായരും വെള്ളാപ്പള്ളിയും കരുതുന്നത്.
വെള്ളാപ്പള്ളി, സതീശനെ ‘ഇന്നലെ പൂത്ത തകര’എന്നും ‘ഊളൻപാറയ്ക്ക് അയക്കേണ്ടവൻ’എന്നും വിശേഷിപ്പിച്ചത് ഈ വിരോധത്തിന്റെ ആഴം വ്യക്തമാക്കുന്നു. നായടി മുതൽ നമ്പൂതിരി വരെ എന്ന തന്റെ പഴയ മുദ്രാവാക്യം ‘നായടി മുതൽ നസ്രാണി വരെ’ എന്നാക്കി വെള്ളാപ്പള്ളി പരിഷ്കരിച്ചതിന് പിന്നിലും കൃത്യമായ അജണ്ടയുണ്ട്.
അതേസമയം, തനിക്കെതിരെ ഉയരുന്ന രൂക്ഷമായ വിമർശനങ്ങളോട് വി.ഡി. സതീശൻ പക്വമായ രീതിയിലാണ് പ്രതികരിക്കുന്നത്. താൻ സമുദായ നേതാക്കളെ വിമർശിച്ചിട്ടില്ലെന്നും മതേതര മൂല്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കുമെന്നും അതിനായി എന്ത് നഷ്ടം സഹിക്കാനും തയ്യാറാണെന്നും സതീശൻ വ്യക്തമാക്കുന്നു. സാമുദായിക സംഘടനകളുടെ താല്പര്യങ്ങൾക്ക് വഴങ്ങി രാഷ്ട്രീയ നിലപാടുകൾ മാറ്റില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും എൻ.എസ്.എസിനോടോ എസ്.എൻ.ഡി.പി.യോടോ വിരോധമില്ലെന്നും അവരുടെ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് അവകാശമുണ്ട് എന്നുമാണ് സതീശന്‍റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

