പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവൻ -ജി. സുധാകരൻ
text_fieldsആലപ്പുഴ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവനെതിരെ വിമര്‍ശനവുമായി ജി. സുധാകരന്‍. പോളിറ്റ് ബ്യൂറോയുടെ തിണ്ണയില്‍ കയറാന്‍ യോഗ്യതയില്ലാത്തവനാണ് വിജയരാഘവനെന്ന് ജി. സുധാകരൻ കുറ്റപ്പെടുത്തി. യോഗ്യരായവരെ തഴഞ്ഞാണ് പാർട്ടിയിൽ അയാൾ കയറികൂടിയത്. ഇരുതല മൂര്‍ച്ചയുള്ള ജില്ലകളിലൊന്നാണ് ആലപ്പുഴ. ഇവിടെ തെരഞ്ഞെടുപ്പ് ഫലമെന്നത് തിരിഞ്ഞും മറിഞ്ഞുമിരിക്കും. വി.എസിനെയും സദാശിവനെയും ജയിപ്പിച്ചതും തോല്‍പ്പിച്ചതും ഇവിടെ വെച്ചാണ്. എന്നെയും ഒരിക്കല്‍ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ഇവിടെ സ്ഥിരമായിട്ട് ആര്‍ക്കും ജയമുറപ്പിക്കാന്‍ കഴിയുന്ന സീറ്റൊന്നുമല്ല. എന്നിട്ടും തന്റെ തോളില്‍ കയറാനാണ് എല്ലാവരുടേയും ശ്രമം.
കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എവിടെയും പിഴച്ചിട്ടില്ലെന്നാണ് ആവര്‍ത്തിച്ച് പറയാനുള്ളത്. പാര്‍ട്ടിക്കകത്തെ കൊള്ളരുതായ്മക്കെല്ലാം പാര്‍ട്ടിയാണോ ഉത്തരവാദി? നയിക്കുന്നവരാണ് ഓരോ കാലത്തും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഉത്തരവാദിത്തമേറ്റെടുക്കേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു. വിജയരാഘവന്റെ വിമര്‍ശനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് താന്‍ മുമ്പ് 'പരാജയരാഘവനെന്ന്' പേരിട്ടതല്ലേയെന്നായിരുന്നു സുധാകരന്റെ മറുപടി. 'വിജയരാഘവന്റെ മറുപടികളൊന്നും കേള്‍ക്കേണ്ടതില്ല. അയാള്‍ എവിടെയെങ്കിലും വന്ന് എന്തേലും സംസാരിച്ചിട്ടുണ്ടെങ്കില്‍ അവിടെ പാര്‍ട്ടി തോറ്റിരിക്കും. ചരിത്രബോധമില്ലാതെയാണ് ഓരോ കാര്യങ്ങളും അദ്ദേഹം വിളിച്ചുപറയും. വായടക്കാന്‍ പറയണം അയാളോട്. അതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മരിക്കും വരെ എം.എൽ.എ ആകണമെന്ന ആഗ്രഹം നടക്കാത്തത് കൊണ്ട് പാർട്ടിവിട്ട ഏക ആളാണ് ജി. സുധാകരൻ. അതിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല. സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത് എ. വിജയരാഘവൻ ആരോപിച്ചിരുന്നു. ആലപ്പുഴയെക്കുറിച്ച് വിജയരാഘവന് അറിയില്ല. അതുകൊണ്ട് വിജയരാഘവൻ എന്തെങ്കിലും പറഞ്ഞിട്ട് പോക്കോട്ടെ. ആ പാവത്തിനെ വിട്ടേക്കയെന്നും ജി. സുധാകരൻ പറഞ്ഞു.
ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടു, ജനങ്ങൾക്ക് മനസ്സിലാകില്ല എന്നാണ് കരുതുന്നത് എങ്കിൽ വോട്ടെണ്ണുമ്പോൾ അത് മനസ്സിലാകും. ചരിത്രത്തിലാദ്യമായാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. ജി. സുധാകരൻ തെറ്റായ വഴിക്കുപോകുന്നു എന്ന് തോന്നിയപ്പോൾ മുഖ്യമന്ത്രി മൂന്നു തവണ വിളിച്ചുവെന്നും എ. വിജയരാഘവൻ പറഞ്ഞു. സുധാകരൻ വി.ഡി. സതീശന്‍റെയും കെ.സി. വേണുഗോപാലിന്‍റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നതെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

