നയപ്രഖ്യാപനം; ഭൂ നിയമങ്ങൾ പുനഃപരിശോധിക്കാൻ കമീഷൻ
text_fieldsവയോമിത്രം പദ്ധതി വ്യാപിപ്പിക്കും, പട്ടിക ഗോത്രവർഗ കുടുംബങ്ങൾക്ക് ഭവന പദ്ധതി, സ്പെഷൽ റിക്രൂട്ട്മെൻറ് ഡ്രൈവ് ആരംഭിക്കും, ഭിന്നശേഷി സെൻസസ് നടപ്പാക്കും
തിരുവനന്തപുരം: നിലവിലുളള എല്ലാ ഭൂ നിയമങ്ങളും കാലാനുസൃതമായി നവീകരിക്കുമെന്നും നിസാര കാരണങ്ങളില്‍ കൃഷിഭൂമിയില്‍ നിന്ന് കർഷകരെ ഇറക്കിവിടുന്നതിന് ശാശ്വത പരിഹാരമായി ഉപാധികളില്ലാത്ത ഉടമസ്ഥാവകാശം നടപ്പിലാക്കുമെന്നും നയപ്രഖ്യാപനം. തോട്ടം മേഖലയിൽ ഭൂ വിനിയോഗത്തിനുള്ള നിയന്ത്രണം പരിഷ്കരിക്കും. തോട്ടഭൂമിയുടെ സ്വാഭാവിക തരം സംരക്ഷിച്ച് വൈവിധ്യം അനുവദിക്കുന്നതിന് ഭേദഗതി അവതരിപ്പിക്കും. ഭൂ പരിവർത്തനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരമായി 2008ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ ആക്ട് സമഗ്രമായി പരിഷ്കരിക്കും. പട്ടയം അനുവദിക്കുന്നതിലെ തടസം നീക്കുന്നതിന് ആവശ്യമെങ്കിൽ നിലവിലെ നിയമങ്ങളിൽ ഭേദഗതി വരുത്തുകയോ സമഗ്ര നിയമനിർമാണം കൊണ്ടുവരികയോ ചെയ്യും. ഭൂസംബന്ധമായ എല്ലാ നിയമങ്ങളും പുനഃപരിശോധിക്കുന്നതിന് കമീഷൻ രൂപവത്കരിക്കും. അവർ നൽകുന്ന ശിപാർശയുടെ അടിസ്ഥാനത്തിൽ ഭൂ നിയമങ്ങൾ പരിഷ്കരിക്കും. ഭൂ രേഖകളിലേക്കും അനുബന്ധ സർക്കാർ സേവനങ്ങളിലേക്കും സുരക്ഷിതവും സുതാര്യവുമായ ഡിജിറ്റൈസ് ചെയ്യപ്പെട്ട ഭൂ ഭരണ സംവിധാനം ഒരുക്കുമെന്നും നയപ്രഖ്യാപനത്തിൽ സർക്കാർ വ്യക്തമാക്കി.
സംസ്ഥാനത്തെ എല്ലാ നഗരങ്ങളും ഘട്ടം ഘട്ടമായി വയോജന സൗഹൃദമാക്കി മാറ്റും. വയോമിത്രം പദ്ധതി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മുതിർന്ന പൗരൻമാർക്ക് നിയമസഹായം, ആരോഗ്യ പരിരക്ഷ, സംരക്ഷണ സേവനങ്ങൾ എന്നിവ നൽകുന്നതിന് ‘കെയർ ക്യാബിൻ’ എന്ന പുതിയ സപ്പോർട്ട് സെന്‍റർ പദ്ധതി എല്ലാ കലക്ടറേറ്റുകളിലും തുടങ്ങും. സ്മൃതി കഫേകളും ഡിമെൻഷ്യ ഡേ കെയർ സെന്‍ററുകളും സ്പെഷലൈസ്ഡ് മെമ്മറി ക്ലിനിക്കുകളും വ്യാപിപ്പിക്കും. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളെ ശക്തിപ്പെടുത്തും.
ലൈഫ് മിഷന് കീഴിലുള്ള പട്ടികജാതി ഗുണഭോക്താക്കൾക്കുള്ള ഭവന സഹായ ചട്ടക്കൂടിൽ സമഗ്ര പരിവർത്തനം നടപ്പിലാക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിലെ വ്യവസായ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളെ സമഗ്രമായി നവീകരിക്കും.2006ലെ പട്ടിക ഗോത്ര വർഗങ്ങളും മറ്റ് പരമ്പരാഗത വനവാസികളും ആക്ട് പൂർണമായി നടപ്പിലാക്കും. ഗോത്ര ഭൂമി തുടർകൈമാറ്റം തടയുന്നതിന് ശക്തമായ നടപടികളെടുക്കും. മുടങ്ങിക്കിടക്കുന്ന എല്ലാ വ്യക്തിഗത വനാവകാശ വാദങ്ങളും സാമൂഹിക വനാവകാശ വാദങ്ങളും തീർപ്പാക്കുന്നതിന് സമയബന്ധിത ദൗത്യം ആരംഭിക്കും. ഗോത്ര ഭൂമിയിലെ കൈയേറ്റങ്ങൾക്ക് കർശന ശിക്ഷാവ്യവസ്ഥകൾക്ക് വിധേയമാക്കും. പട്ടിക ഗോത്രവർഗ കുടുംബങ്ങൾക്കായി ഭവന പദ്ധതികൾ ആരംഭിക്കും. ഇവരുടെ ജീർണിച്ചതും വാസയോഗ്യമല്ലാത്തതുമായ വാസസ്ഥലങ്ങൾ പുനർനിർമിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പിലാക്കും.
വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വർധിപ്പിച്ച് പരിഷ്കരിച്ച ഇ ഗ്രാന്‍റ്സ് പോർട്ടലിലൂടെ സമയബന്ധിതമായി വിതരണം ചെയ്യും. പട്ടികജാതി-പട്ടിക ഗോത്ര വർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം കുറവുള്ള മേഖലകളിൽ സ്പെഷൽ റിക്രൂട്മെൻറ് ഡ്രൈവ് ആരംഭിക്കും. പട്ടികജാതി- പട്ടിക ഗോത്രവർഗ വകുപ്പിന് കീഴിലെ, അധിക കടബാധ്യതയിൽ അകപ്പെട്ട സഹകരണ സംഘങ്ങളുടെ ബാധ്യതകൾ പരിഹരിക്കും. ദേവസ്വം ബോർഡ് നിയമനങ്ങളിൽ പട്ടികജാതി- പട്ടിക ഗോത്ര വർഗ വിഭാഗങ്ങളുടെ സംവരണം ജനസംഖ്യക്ക് ആനുപാതികമായി ഉറപ്പുവരുത്തും.
കാർഷിക മേഖലയിൽ വനിത ശാക്തീകരണം
തിരുവനന്തപുരം: വനിത കർഷകരെ പ്രധാന ശക്തിയാക്കി മാറ്റുമെന്ന് നയപ്രഖ്യാപനം. ഇതിനായി ഓരോ പഞ്ചായത്തിലും നിലവിലുള്ളതും സാധ്യതയുള്ളതുമായ വനിത കർഷകരെ കണ്ടെത്തും. മികച്ച ഘടനാപരമായ പരിപാടിയിലൂടെ ഉൽപാദനം, സംസ്കരണം, വിതരണം എന്നിയുൾപ്പെടെ കാർഷിക ശൃംഖലയിലുടനീളം ഈ സംരംഭം സ്ത്രീകളെ സമന്വയിപ്പിക്കും. വ്യക്തിഗത വനിത കർഷകരെയും ചെറുതും വലുതുമായ വനിതാ കൂട്ടായ്മകളെയും കാർഷിക മേഖലയിൽ അണിനിരത്താൻ ഈ വർഷം വനിത കർഷക കൺസോർഷ്യം ആരംഭിക്കും. കാർഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനും സംഭരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തറവില പുതുക്കുന്നതിനും നെല്ല്, തേങ്ങ, റബർ, മറ്റ് കാർഷിക ഉൽപന്നങ്ങൾ എന്നിവക്ക് സമയബന്ധിതവും ന്യായവുമായ വില ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും.
മനുഷ്യ-വന്യജീവി സംഘർഷം കുറക്കുന്നതിന് നഷ്ടപരിഹാര സംവിധാനങ്ങളും ഫലപ്രദമായ പ്രതിരോധ സംവിധാനങ്ങളും ശക്തിപ്പെടുത്തും. കൃഷിച്ചെലവ് കുറക്കാനും യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിനും ദ്വിതീയ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും.
മദ്യ ഉപഭോഗം ഘട്ടം ഘട്ടമായി കുറക്കും
തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യ ഉപഭോഗം കുറക്കുമെന്നതാണ് സർക്കാർ നയമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ലഹരി വ്യാപനം തടയാൻ ഡിജിറ്റൽ നിരീക്ഷണ ഉപകരണങ്ങൾ, വിപുലമായ ഇന്റലിജൻസ് ശൃംഖലകൾ, സൈബർ മോണിറ്ററിങ് സമ്പ്രദായങ്ങൾ എന്നിവ ഏർപ്പെടുത്തി എക്സൈസിനെ നവീകരിക്കും. എക്സൈസ് ആഭ്യന്തര വകുപ്പുമായും ആരോഗ്യ വകുപ്പുമായും ഏകോപനത്തോടെ പ്രവർത്തിക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
- കടലിൽ മരണപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് പുതിയ പരിരക്ഷ, മാരകമായ രോഗങ്ങൾക്ക് ചികിത്സാ തുടർസഹായം, പീലിങ് തൊഴിലാളികൾക്ക് ക്ഷേമപദ്ധതി എന്നിവ ഉൾപ്പെടെയുള്ള ഗ്രൂപ് ഇൻഷുറൻസ് ഏർപ്പെടുത്തും.
- മിഷൻ സമുദ്രക്ക് കീഴിൽ യാനങ്ങളുടെ നവീകരണം, ജനകീയ മത്സ്യകൃഷിയുടെ വ്യാപനം, വനാമി ചെമ്മീൻ കൃഷി, കടൽ ജീവി കൃഷി എന്നിവയുടെ ശാസ്ത്രീയ വിപുലീകരണം നടത്തും.
- മത്സ്യത്തൊഴിലാളികൾക്കുള്ള ക്ഷേമ പദ്ധതികൾ, സേവിങ്-കം-റിലീഫ് സപ്പോർട്ട് എന്നിവ ക്രമേണ വിപുലീകരിക്കും.
- നിക്ഷേപങ്ങൾ പ്രയോഗവത്കരിക്കാൻ ബ്ലൂ ഇകോണമി സെല്ലും കേരള-ഇ.യു ജോയിന്റ് വർക്കിങ് ഗ്രൂപും സ്ഥാപിക്കും.
- പൂഴ്ത്തിവെപ്പും കരിഞ്ചന്തയും അവശ്യ വസ്തുക്കളുടെ വിലക്കയറ്റവും തടയുന്നതിന് നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.
- തെരഞ്ഞെടുത്ത സപ്ലൈകോ സൂപ്പർമാർക്കറ്റുകളെ നവീകരിക്കും.
- സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വർധിപ്പിക്കും.
- സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഉറപ്പാക്കി ഗ്രീൻ എനർജി ഇനിഷ്യേറ്റീവ്സ്, ഇലക്ട്രിക് മൊബിലിറ്റി, പാരിസ്ഥിതിക ഉത്തരവാദിത്തമുള്ള വ്യവസായ വികസനം എന്നിവ പ്രോത്സാഹിപ്പിക്കും.
- തദ്ദേശ സമൂഹങ്ങൾ, തദ്ദേശ സർക്കാറുകൾ, ശാസ്ത്രജ്ഞർ, പരിസ്ഥിതി വിദഗ്ധർ എന്നിവരെ പാരിസ്ഥിതിക ആസൂത്രണത്തിലും ദുരന്ത പ്രതിരോധ തന്ത്രങ്ങളിലും സജീവമായി ഉൾപ്പെടുത്തും.
കിഫ്ബി ഉടച്ചുവാർക്കും; പഠിക്കാൻ സമിതി
തിരുവനന്തപുരം: കിഫ്ബിയും നയവും സങ്കൽപ്പവും സാമ്പത്തിക മാതൃകയുമടക്കം ഉടച്ചുവാർക്കാനൊരുങ്ങി സർക്കാർ. ഇതിന് മുന്നോടിയായി കിഫ്ബി സംബന്ധിച്ച് പഠിക്കാൻ സർക്കാർ വിദഗ്ദ സമിതിയെ നിയോഗിക്കും. വെള്ളിയാഴ്ച വിവിധ പദ്ധതികൾക്ക് അംഗീകാരം നൽകൽ അടക്കം ലക്ഷ്യമിട്ട് കിഫ്ബി ബോർഡ് യോഗം ചേർന്നെങ്കിലും അജണ്ടകൾ മാറ്റിവെച്ചു. സർക്കാർ നയപരമായ തീരുമാനമെടുത്ത ശേഷമാകും തുടർനടപടികൾ. കിഫ്ബിയുടെ അവസ്ഥയും അവിടെ നടക്കുന്ന കാര്യങ്ങളും പരിശോധിച്ച് തീരുമാനമുണ്ടാകുമെന്ന മുഖ്യമന്ത്രി വി.ഡി സതീശന്റെ വാർത്താസമ്മേളനത്തിലെ പരാമർശങ്ങളിലും കാര്യങ്ങൾ വ്യക്തം.
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്ന വിദഗ്ദ്ധ സമിതി കിഫ്ബിയുടെ രീതികളും പരിശോധിക്കും. കിഫ്ബി വരുത്തിയ ബാധ്യതകൾ സംബന്ധിച്ച് ധവളപത്രത്തിലും പരാമർശമുണ്ടാകും. ഇതിന് പുറമേയാണ് പ്രത്യേക സമിതി സമഗ്രപഠനം നടത്തുക. അടിസ്ഥാന സൗകര്യവികസനത്തിനായി പണം കണ്ടെത്താനുള്ള ബദൽ സംവിധാനം എന്നതിൽ നിന്ന് ബജറ്റിന് പുറത്ത് വ്യാപകമായി കടമെടുക്കാനുള്ള ഉപാധിയായി കിഫ്ബി മാറിയത് നേരത്തെ വിമർശത്തിന് ഇടയാക്കിയിരുന്നു. കിഫ്ബിയുടെ കടമെടുപ്പ് രീതി സംസ്ഥാനത്തിന്റെ ധനസ്ഥിതിക്ക് വലിയ പരിക്കേൽപ്പിച്ചുവെന്ന വിലയിരുത്തലുമുണ്ട്. അടിസ്ഥാന സൗകര്യവികസനത്തിന് വലിയ നിരക്കിൽ പലിശയ്ക്ക് കടമെടുത്ത ശേഷം തുക പരസ്യപ്രചാരണത്തിന് വിനിയോഗിച്ചത് നേരത്തെ യു.ഡി.എഫ് ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് വൻകിട പദ്ധതികളുടെ കടമെടുപ്പിന് കൃത്യമായ മാർഗനിർദേശം നൽകുമെന്ന് യു.ഡി.എഫ് പ്രകടനപത്രികയിലും പിന്നാലെ ഇത് അടിസ്ഥാനമാക്കി തയ്യാറാക്കിയ വിഷൻ 2031 കർമ പദ്ധതിയിലും വ്യക്തമാക്കിയത്.
1999 നവംബറിലാണ് കിഫ്ബി നിലവിൽ വന്നത്. 2016ൽ പ്രത്യേക ഓർഡിനൻസ് വഴി കിഫ്ബിയുടെ പ്രവർത്തനത്തിൽ ഒന്നാം പിണറായി സർക്കാർ നിർണായക മാറ്റങ്ങൾ വരുത്തി. ഇതോടെയാണ് വികസന ഫണ്ടുകൾ കൈകാര്യം ചെയ്യുക എന്നതിനപ്പുറം വികസന ഫണ്ട് സമാഹരിക്കുന്നതായി കിഫ്ബിയുടെ മുഖ്യചുമതല. 2016-17 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിലൂടെയാണ് കിഫ്ബി വികസന രംഗത്ത് സജീവ ചർച്ചയാകുന്നത്. 50,000 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കിഫ്ബി വഴി നടപ്പാക്കുമെന്ന് തുടക്കത്തിൽ പ്രഖ്യാപിച്ചത്.
സഹകരണ സംഘങ്ങളിലെ എല്ലാ നിക്ഷേപങ്ങൾക്കും ഗ്യാരണ്ടി
തിരുവനന്തപുരം: സഹകരണ സംഘങ്ങളിലെ എല്ലാ നിക്ഷേപകർക്കും നിയന്ത്രണ വ്യവസ്ഥകളില്ലാതെ മതിയായ നിക്ഷേപ ഗ്യാരണ്ടി നൽകുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. നിക്ഷേപങ്ങൾ കൃത്യസമയത്ത് തിരികെ നൽകാൻ സഹകരണ സംഘങ്ങളെ പ്രാപ്തമാക്കുന്നതിനും നിക്ഷേപ ഗ്യാരണ്ടി പദ്ധതിയിൽ മാറ്റം വരുത്തുന്നതിനുമുള്ള പദ്ധതിയും നടപ്പാക്കും. ഇതിലൂടെ നിക്ഷേപ സംരക്ഷണം ശക്തിപ്പെടുത്താനും സഹകരണ സ്ഥാപനങ്ങളിൽ പൊതുജനങ്ങൾക്ക് വിശ്വാസം പുനഃസ്ഥാപിക്കാനുമാണ് ലക്ഷ്യമിടുന്നത്. ദുർവിനിയോഗത്തിനും വഞ്ചനക്കും വിധേയമായ സഹകരണ സംഘങ്ങളിലെ നിക്ഷേപങ്ങൾ തിരികെ നൽകുന്നതിന് സത്വര നടപടി സ്വീകരിക്കും. വായ്പാ വിതരണം ഉൾപ്പെടെ ബുദ്ധിമുട്ടുകൾ നേരിടുന്ന സഹകരണ സംഘങ്ങളുടെ പ്രവർത്തനത്തിൽ സാമ്പത്തിക അച്ചടക്കം ഉറപ്പാക്കുന്നതിന് ശരിയായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. മടങ്ങിവന്ന പ്രവാസികൾക്കായി പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിനും സാമ്പത്തിക രക്ഷ നൽകുന്നതിനും പ്രവാസി സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തും. വായ്പയെടുത്തവർക്ക് മാരക രോഗമോ മരണമോ ഉണ്ടായാൽ അവരുടെ വായ്പാ ബാധ്യതകൾ തീർക്കുന്നതിന് സഹായകമായി റിസ്ക് ഫണ്ട് പദ്ധതി വിപുലീകരിക്കും. സഹകരണ സ്ഥാപനങ്ങൾ തമ്മിലെ സഹകരണം ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങൾ അഴിമതിരഹിതവും സുതാര്യവുമാണെന്ന് ഉറപ്പാക്കാൻ സഹകരണ വിജിലൻസ് വിങ്ങിനെ ശക്തിപ്പെടുത്തുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.
മലബാർ ടെമ്പ്ൾ പിൽഗ്രിം പദ്ധതി
തിരുവനന്തപുരം: പ്രധാന ക്ഷേത്രങ്ങളെ ഏകീകൃത തീർഥാടന സർക്യൂട്ടായി ബന്ധിപ്പിക്കുന്ന മലബാർ ടെമ്പ്ൾ പിൽഗ്രിം പദ്ധതി നടപ്പിലാക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം. തീർഥാടകർക്ക് സുരക്ഷിതമായും പരിസ്ഥിതിയോട് ഉത്തരവാദിത്തമുള്ള രീതിയിലും ദർശനം ഉറപ്പുവരുത്തുന്നതിന് എല്ലാ ദേവസ്വം സ്ഥാപനങ്ങളിലും ഈസി -ദർശൻ പ്രോജക്ട് നടപ്പിലാക്കുമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

