പൊലീസുകാരെ പൂട്ടിയിട്ട് മർദനം; നാലുപേർ കൂടി പിടിയിൽ
text_fieldsകണ്ണൂർ: അത്താഴക്കുന്നിൽ പൊലീസ് പട്രോളിങ്ങിനിടെ കണ്ണൂർ ടൗൺ എസ്.ഐ അടക്കമുള്ള പൊലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ ഒളിവിലായ പ്രതികൾ പിടിയിൽ.
കുഞ്ഞിപ്പള്ളി സ്വദേശികളായ പ്രജിൽ, സനൽ, സങ്കീർത്ത്, കാർത്തിക് എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ പൊലീസിനെ ആക്രമിച്ച കേസിലെ മുഴുവൻ പ്രതികളും പിടിയിലായി.
സംഭവദിവസം തന്നെ പിടിയിലായ കുഞ്ഞിപ്പള്ളി ഓലാട്ടുചാൽ കൃഷ്ണപ്രിയ നിവാസിൽ അഭയ് (22), കോട്ടാളി ഗീതാലയത്തിൽ അഖിലേഷ് (26), വള്ളുവക്കണ്ടി അൻസീർ (21) എന്നിവരെ തിങ്കളാഴ്ച കോടതി റിമാൻഡ് ചെയ്തിരുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്.
ഞായറാഴ്ച വൈകീട്ട് ആറരയോടെ കണ്ണൂർ ടൗൺ എസ്.ഐ സി.എച്ച്. നസീബ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാണ് അത്താഴക്കുന്നിൽ ഏഴുപേർ അടങ്ങുന്ന മദ്യപസംഘം ആക്രമിച്ചത്.
പട്രോളിങ്ങിനിടെ, അത്താഴക്കുന്നിലെ ക്ലബിൽ കുറച്ചുപേർ മദ്യപിക്കുന്നതുകണ്ട് പരിശോധിക്കാൻ കയറിയപ്പോഴാണ് ആക്രമണം.

