പി.എം കിസാന്‍ പദ്ധതിയുടെ പേരിൽ വാട്സാപ്പിൽ മെസ്സേജ് വന്നോ? തുറക്കും മുമ്പ് ഒന്ന് ശ്രദ്ധിക്കണം
text_fieldsതിരുവനന്തപുരം: കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പി.എം കിസാന്‍ പദ്ധതിയുടെ പേരിലും സൈബര്‍ തട്ടിപ്പിന് വ്യാപക ശ്രമമെന്ന് മുന്നറിയിപ്പ്. 2018 മുതല്‍ രാജ്യത്ത് നടപ്പാക്കുന്ന ‘പി.എം കിസാന്‍’ പദ്ധതി വഴി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്. പദ്ധതിയുടെ പേരില്‍ കര്‍ഷകരെയും ഭൂ ഉടമകളെയും ലക്ഷ്യമിട്ടാണ് സൈബര്‍ തട്ടിപ്പ്.
വാട്സ്ആപ്പിലൂടെ പി.എം കിസാന്‍ യോജനയെ കുറിച്ച് വിവരിക്കുന്ന സന്ദേശവും ഒപ്പം ഒരു ആപ്ലിക്കേഷന്‍ ഫയലും ലഭിക്കും. പണം തുടര്‍ന്ന് ലഭിക്കണമെങ്കില്‍ എ.പി.കെ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടും. ഈ ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ആപ് എസ്.എം.എസ് അനുമതി നല്‍കാന്‍ ആവശ്യപ്പെടും. അനുമതി നല്‍കിയാൽ എസ്.എം.എസ് നിരീക്ഷിക്കാനും ഒ.ടി.പി ആക്‌സസ് ചെയ്യാനും തട്ടിപ്പുകാര്‍ക്ക് കഴിയും. ഇതുവഴി തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാനാകുമെന്ന് സൈബര്‍ പൊലീസ് പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന എ.പി.കെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്. വിശ്വാസയോഗ്യമായ ഉറവിടങ്ങളില്‍നിന്ന് മാത്രമേ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാവൂ. ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ ഉടന്‍ 1930 എന്ന സൗജന്യ നമ്പറിലോ https://cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ വിവരം അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

