ലഹരി, മദ്യ കേസുകൾക്ക് പ്രത്യേകം സ്റ്റേഷൻ വേണമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി, മദ്യപാന കേസുകൾ കൈകാര്യം ചെയ്യുന്നതിന് 14 ജില്ലകളിലും പ്രത്യേകം ഒരു സ്റ്റേഷൻ അനുവദിക്കണമെന്ന് ഡി.ജി.പിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. മയക്കുമരുന്ന് മദ്യപാനം മൂലമുണ്ടാകുന്ന കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നുവെന്ന ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിർദേശം ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് മുന്നോട്ടുവെച്ചത്.
ഇത്തരം കേസുകളിൽ കസ്റ്റഡിയിലെടുക്കുന്നവരെ സ്റ്റേഷനിൽ എത്തിക്കുമ്പോഴും മെഡിക്കൽ പരിശോധനക്ക് വിധേയനാക്കുമ്പോഴും പൊലീസ് ഉദ്യോഗസ്ഥർ പാലിക്കേണ്ട മാർഗനിർദേങ്ങളിൽ മാറ്റംവരുത്തും. കരട് മാർഗനിർദേശങ്ങൾ സമർപ്പിക്കാൻ കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് നിർദേശം നൽകി. ഡോ. വന്ദനദാസിന്‍റെ കൊലപാതകം പോലുള്ള അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ അറസ്റ്റിലായ ആളെ ആശുപത്രിയിലേക്ക് കൊണ്ട്പോകുന്നതിന് മുമ്പ് അയാളുടെ ശാരീരിക മാനസികാവസ്ഥയെക്കുറിച്ച് കൃത്യമായ ബോധ്യം ഉദ്യോഗസ്ഥന് ഉണ്ടാകണമെന്നും ഡി.ജി.പി നിർദേശിച്ചു.
അതേസമയം, പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ അക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിലെടുക്കാൻ നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉപകരണങ്ങൾ നൽകണമെന്ന ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ ആവശ്യം ഡി.ജി.പി തള്ളി. നിലവിൽ മതിയായ സുരക്ഷ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്. സംഭവത്തിന്‍റെ തീവ്രതയും പ്രതിസന്ധികളും കണക്കിലെടുത്ത് മാത്രം ആയുധങ്ങൾ കൈയിൽ കരുതിയാൽ മതിയെന്നും ഡി.ജി.പി അറിയിച്ചു.
ആത്മഹത്യ: യോഗയും കായിക വിനോദങ്ങളും നിർബന്ധമാക്കണം
സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ സേനാംഗങ്ങൾക്കിടയിൽ വെള്ളിയാഴ്ച പരേഡിന് പുറമേ, ആഴ്ചയിൽ കുറഞ്ഞത് ഒരു മണിക്കൂർ യോഗയോ മറ്റ് കായിക വിനോദങ്ങളോ നിർബന്ധമാക്കാൻ തീരുമാനമായി. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2019 ജനുവരി മുതൽ ഈ വർഷം സെപ്റ്റംബർ 30 വരെ 69 പൊലീസുകാരാണ് സ്വയം മരണം വരിച്ചത്.
12 പേർ ആത്മഹത്യക്ക് ശ്രമിച്ചു. സിവിൽ പൊലീസ് ഓഫിസർമാരാണ് ആത്മഹത്യ ചെയ്തവരിലേറെയും -32 പേർ. ഹവിൽദാർ-സീനിയർ സിവിൽ പൊലിസ് ഓഫിസർ റാങ്കിലെ 16ഉം സി.ഐ റാങ്കിൽ ഒരാളും എസ്.ഐ/ഗ്രേഡ് എസ്.ഐ തസ്തികയിലെ 12ഉം എ.എസ്.ഐ/ഗ്രേഡ് എ.എസ്.ഐ വിഭാഗത്തിൽ എട്ടുപേരും ആത്മഹത്യ ചെയ്തു. 30 പേരുടെ ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളും 20 പേർക്ക് മാനസിക സംഘർഷവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

