അപമാനഭാരത്താൽ ആത്മഹത്യപോലും ആലോചിച്ചു; മക്കളെ ഓർത്താണ് ചെയ്യാതിരുന്നത് - ബിന്ദു
text_fieldsനെടുമങ്ങാട്: അപമാനഭാരത്താൽ ഒരുവേള ആത്മഹത്യയെക്കുറിച്ചുപോലും ആലോചിച്ചെന്നും മക്കളുടെ ഭാവി ഓർത്താണ് അതിന് തുനിയാതിരുന്നതെന്നും പേരൂർക്കട പൊലീസ് സ്റ്റേഷനിൽ പീഡിപ്പിക്കപ്പെട്ട ദലിത് യുവതി പനവൂർ ആട്ടുകാൽ തോട്ടരികത്തു വീട്ടിൽ ബിന്ദു നിറകണ്ണുകളോടെ പറയുന്നു.
ചെയ്യാത്ത കുറ്റത്തിന് താനും കുടുംബവും നേരിട്ട അപമാനവും പീഡനവും തരണം ചെയ്യാൻ എത്രകാലം വേണ്ടിവരുമെന്നറിയില്ലെന്നും ബിന്ദു ‘മാധ്യമ’ത്തോട് പറഞ്ഞു. തൊലിയുടെ നിറവും എന്റെ ജാതിയുമാണ് ഇത്രയേറെ പീഡനത്തിന് കാരണം. കള്ളപ്പരാതിയില്‍ പിടിച്ചുകൊണ്ടുപോയ പൊലീസുകാര്‍ തുള്ളിവെള്ളം പോലും തന്നില്ല.
തൊണ്ട വരണ്ടുണങ്ങിയതിനു പിന്നാലെ, സ്റ്റേഷനിലെ ശുചിമുറിയില്‍ കയറി നോക്കിയപ്പോള്‍ ബക്കറ്റിലും വെള്ളമില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ അതുപോലും കോരിക്കുടിച്ച് ദാഹമകറ്റിയേനെയെന്ന് ബിന്ദു പറഞ്ഞു. പേരൂര്‍ക്കട സ്റ്റേഷനില്‍ മനസ്സാക്ഷിയില്ലാത്തവരുടെ മാനസിക പീഡനമാണ് അനുഭവിക്കേണ്ടിവന്നതെന്ന് കണ്ണീർ തുടച്ചുകൊണ്ട് ബിന്ദു പറഞ്ഞു.
ജോലിക്കുനിന്ന വീട്ടില്‍ നിന്ന് രണ്ടര പവന്റെ സ്വര്‍ണമാല കാണാനില്ലെന്നു പറഞ്ഞാണ് ബസ് കാത്തുനിന്ന ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കൊണ്ടുപോയത്. വൈകീട്ട് മൂന്നു മണിക്ക് സ്റ്റേഷനിലെത്തിച്ചു. അപ്പോള്‍ മുതല്‍ നിരപരാധിത്വം ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നെന്ന് ബിന്ദു വിവരിക്കുന്നു. രാത്രി ഏഴുമണിയോടെ, വനിത പൊലീസിനെ വിളിച്ചുവരുത്തി വിവസ്ത്രയാക്കി പരിശോധന നടത്തി. എന്നിട്ടും മാല കിട്ടിയില്ല.
സി.ഐയും എസ്.ഐയുമുള്പ്പെടെയുള്ള പൊലീസുകാരെല്ലാം കേട്ടാലറക്കുന്ന അസഭ്യം വിളിച്ചുകൊണ്ടാണ് എന്നെ സമീപിച്ചത്. വീട്ടിലുള്ള പെണ്മക്കളെ വിവരം വിളിച്ചറിയിക്കാന്‍ പോലും ഫോണ്‍ തന്നില്ല. രാത്രിയില്‍ പനവൂരിലെ വീട്ടിലെത്തിച്ച് പൊലീസ് തൊണ്ടി മുതലായ മാലക്കായി പരിശോധന നടത്തിയും അപമാനിച്ചു. അതോടെ, നാടുമുഴുവൻ താൻ മോഷ്ടാവാണെന്ന പ്രതീതി പരത്തി.
കൗമാരക്കാരായ പെൺമക്കളുമായി സ്റ്റേഷനിൽ ഹാജരാകാനാണ് ഭർത്താവ് പ്രദീപിനോട് ആവശ്യപ്പെട്ടത്. അനുസരിക്കാത്തതിന് കുട്ടികളുടെ മുന്നിൽവെച്ച് തെറി വിളിച്ചു. കുടുംബത്തോടെ കുടുക്കുമെന്നായി ഭീഷണി. വീട്ടിൽ നിന്ന് ഒന്നും കിട്ടാതെ, വീണ്ടും പേരൂര്‍ക്കട സ്റ്റേഷനിലെത്തിച്ചു. ചോദ്യം ചെയ്യലിന്റെ മറവിൽ തെറി വിളിയുമായി പുലരുവോളം ചുറ്റും പൊലീസുകാർ.
പുലര്‍ച്ച മൂന്നു വരെ സ്റ്റേഷനില്‍ തന്നെയിരുത്തി. ഇതിനിടയില്‍ വന്നതും പോയതുമായ പൊലീസുകാരും തന്റെ ജാതി പറഞ്ഞും നിറത്തെ അപമാനിച്ചും അസഭ്യവര്‍ഷം നടത്തുകയായിരുന്നു. മാല കൊടുത്തില്ലെങ്കില്‍ തന്നെയും ഭര്‍ത്താവിനെയും പെണ്മക്കളെയും കേസില്‍ കുടുക്കി ജയിലില്‍ അടക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. സ്റ്റേഷനില്‍ വരുന്ന എല്ലാവരും കാണത്തക്ക തരത്തില്‍ ഒരു പേപ്പര്‍ വിരിച്ച് തറയിലിരുത്തി.
പിറ്റേന്ന്, രാവിലെ എട്ടരയോടെ പരാതിക്കാരിയായ ഓമന സ്റ്റേഷനിലെത്തി. വീട്ടില്‍ നിന്നുതന്നെ സ്വര്‍ണം തിരികെ കിട്ടിയെന്ന വിവരം പൊലീസിനെ അറിയിച്ചു. ഇതിന് പിന്നാലെ, എസ്.ഐ പ്രസാദ് എന്നെ അയാളുടെ മുറിയിലേക്ക് വിളിപ്പിച്ചു. നിന്റെ മക്കളെയോര്‍ത്ത് പരാതി അവര്‍ പിന്‍വലിക്കുകയാണെന്ന് എസ്.ഐ പറഞ്ഞു.
പൊലീസ് പിടിച്ചുവെച്ച തന്റെ ഫോണ്‍ വേണമെന്നു പറഞ്ഞ ബിന്ദുവിനെ ഉച്ചക്ക് 12 മണി വരെ എസ്.ഐ സ്റ്റേഷനില്‍ നിര്‍ത്തിയശേഷമാണ് പോകാൻ അനുവദിച്ചതെന്നും അവർ പറഞ്ഞു.
മൂന്നര വർഷത്തിലേറെയായി കുടപ്പനക്കുന്നിലുള്ള വൃദ്ധദമ്പതികളെ പരിചരിച്ചു വരികയായിരുന്നു ബിന്ദു. ദമ്പതികളിലൊരാളുടെ വിയോഗത്തോടെ, ആ ജോലി നഷ്ടമായി. ഈ മാസം ആദ്യമാണ് അമ്പലംമുക്കിൽ സുവിശേഷ പ്രചാരകയായ പത്തനംതിട്ട സ്വദേശിനിയുടെ വീട്ടില്‍ ബിന്ദു ജോലിക്കുപോയത്.
മൂന്നു ദിവസം മാത്രമാണ് ഇവിടെ ജോലി ചെയ്തത്. ഭർത്താവിന്റെ നിർദേശപ്രകാരം, കൂലി വാങ്ങാൻ പോലും നിൽക്കാതെയാണ് സൗകര്യപ്രദമായ മറ്റൊരു വീട്ടിൽ ജോലി തരപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

