സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ്; പി.ടി. കുഞ്ഞുമുഹമ്മദിനെ ഉടൻ ചോദ്യം ചെയ്യും
text_fieldsപി.ടി. കുഞ്ഞുമുഹമ്മദ്
തിരുവനന്തപുരം: ഇടതുസഹയാത്രികനും മുന്‍ എം.എൽ.എയുമായ സംവിധായകന് പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പരാതി നല്കിയ സംവിധായികയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കന്റോണ്‍മെന്റ് പൊലീസ് മജിസ്ട്രേട്ട് കോടതിയില്‍ അപേക്ഷ നല്കി.
അനുമതി ലഭിക്കുന്ന മുറക്ക് പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്നും കുഞ്ഞുമുഹമ്മദിനെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്കുകള്‍ മൂലമാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നാണ് പൊലീസ് ഭാഷ്യം. സംവിധായിക മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ ഗുരുതര കാലതാമസം ഉണ്ടായെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞുമുഹമ്മദില്നിന്ന് മോശം അനുഭവം ഉണ്ടായതായി ചലച്ചിത്ര അക്കാദമിയെ അറിയിച്ച ശേഷമാണ് സംവിധായിക നവംബര്‍ 27ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് സിറ്റി പൊലീസ് കമീഷണര്‍ വഴി ഡിസംബര്‍ രണ്ടിന് ലഭിച്ച പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത് എട്ടിനാണ്. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തതെന്നാണ് പൊലീസ് ഭാഷ്യം. 30ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് മലയാളം ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി. കുഞ്ഞുമുഹമ്മദ്. ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണ് കുഞ്ഞുമുഹമ്മദും പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്.
ഹോട്ടല്‍ മുറിയില്‍വെച്ച് സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണ് പരാതി. ഹോട്ടലില്‍നിന്ന് പൊലീസ് ശേഖരിച്ച സി.സി.ടി.വി ദൃശ്യത്തില്‍ പരാതിയില്‍ ആരോപിക്കുന്ന സമയത്ത് ഇരുവരും ഹോട്ടലിലുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി പൊലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. ഭാരതീയ ന്യായസംഹിതയിലെ 74, 75 (1) വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്.
സ്ത്രീകള്‍ക്കെതിരെയുള്ള ശാരീരികാക്രമണം, ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള ശാരീരിക സമ്പര്‍ക്കം, ലൈംഗിക പരാമര്‍ശങ്ങള്‍ നടത്തുക എന്നിവക്കെതിരെയുള്ള വകുപ്പുകളാണിത്. ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

