ആരാണ് കഞ്ചാവ് ബാബു? മുഹമ്മദലി 'കൊലപ്പെടുത്തിയത്' ആരെയൊക്കെ? പതിറ്റാണ്ടുകൾ മുമ്പ് കാണാതായവരെക്കുറിച്ച് അന്വേഷണം നടത്താൻ പൊലീസ്
text_fieldsമുഹമ്മദലി
കോഴിക്കോട്: മൂന്ന് പതിറ്റാണ്ട് മുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയെന്ന വേങ്ങര സ്വദേശി മുഹമ്മദലിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് തിരോധാന കേസുകൾ പുനരന്വേഷിക്കുന്നു. 1989ൽ കാണാതായവരെക്കുറിച്ച് കോഴിക്കോട് നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളാണ് പുനഃപരിശോധിക്കുന്നത്. മരിച്ചവരെ തിരിച്ചറിയൽ പ്രധാനമായതിനാൽ പ്രാഥമികമായി ഈ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പ്രാഥമിക വിവരശേഖരണം ക്രൈം സ്ക്വാഡാണ് നടത്തുന്നത്. കൂടരഞ്ഞിയിൽ 1986ൽ യുവാവിനെ ചവിട്ടിക്കൊന്നുവെന്നും 1989ൽ കോഴിക്കോട് കടപ്പുറത്ത് ഒരാളെ ശ്വാസം മുട്ടിച്ചു കൊന്നുവെന്നുമാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദലിയെ തിരുവമ്പാടി, നടക്കാവ് പൊലീസ് ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് കടപ്പുറത്തെ കൊലപാതകം നടത്തിയത് കഞ്ചാവ് ബാബു എന്നയാളുടെ സഹായത്തോടെയാണെന്നും വെളിപ്പെടുത്തലുണ്ടായി.
കഞ്ചാവ് ബാബുവിനെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. മുൻവർഷങ്ങളിൽ ഈ പേരിലുള്ളയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൂടരഞ്ഞിയിൽ മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശിയാണെന്ന് നാട്ടുകാർ സംശയം ഉന്നയിച്ചിട്ടുണ്ട്. അതേസമയം മുഹമ്മദലി മാനസിക തകരാർമൂലമാണ് ഇങ്ങനെ പറയുന്നതെന്ന് സഹോദരൻ പൗലോസ് വെളിപ്പെടുത്തിയതോടെ അതിന് സാധ്യത കൂടുതലാണെന്നും പൊലീസ് വിലയിരുത്തുന്നുണ്ട്.
വെളിപ്പെടുത്തൽ അന്വേഷിക്കാതെ പൊലീസിന് നിർവാഹമില്ല. മരിച്ചവരെ തിരിച്ചറിഞ്ഞാൽപോലും അവരുടെ മൃതദേഹാവശിഷ്ടം കണ്ടെടുക്കലടക്കമുള്ള സങ്കീർണ നടപടികൾ വേണ്ടിവരും. കൂടുതൽ ചോദ്യം ചെയ്യാനും മാനസികനില പരിശോധിക്കാനും മുഹമ്മദലിയെ കസ്റ്റഡിയിൽ വാങ്ങും. ഇപ്പോൾ മഞ്ചേരി ജയിലിലാണ് മുഹമ്മദലി കഴിയുന്നത്.
1986ലെ തിരുവമ്പാടി എസ്.ഐയെ തേടി പൊലീസ് എറണാകുളത്തേക്ക്
തിരുവമ്പാടി (കോഴിക്കോട്): വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണിയുടെ (56) കൂടരഞ്ഞി ‘കൊലപാതക’ വെളിപ്പെടുത്തലിൽ അന്വേഷണത്തിന് തിരുവമ്പാടി പൊലീസ് എറണാകുളത്തേക്ക്. കൂടരഞ്ഞി കരിങ്കുറ്റിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ 1986 ഡിസംബറിൽ തിരുവമ്പാടി സ്റ്റേഷനിൽ എസ്.ഐ ആയിരുന്ന തോമസിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് പൊലീസ് എറണാകുളത്തേക്ക് പോകുന്നത്. കരിങ്കുറ്റിക്ക് സമീപത്തെ തോട്ടിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സ്വാഭാവിക മരണത്തിനായിരുന്നു അന്ന് കേസെടുത്തിരുന്നത്. എസ്.ഐ തോമസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തോമസ് ഡിവൈ.എസ്.പിയായി സർവിസിൽനിന്ന് നേരത്തേ വിരമിച്ചിരുന്നു.
തിങ്കളാഴ്ച എറണാകുളത്തെത്തി തോമസിനെ കാണുമെന്ന് മുഹമ്മദലിയുടെ കൂടരഞ്ഞി കൊലപാതക വെളിപ്പെടുത്തൽ അന്വേഷിക്കുന്ന തിരുവമ്പാടി എസ്.എച്ച്.ഒ കെ. പ്രജീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. കേസന്വേഷണത്തിന് തിരുവമ്പാടി പൊലീസ് പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ക്ലാസിൽ പഠിക്കവെ നാടുവിട്ട മുഹമ്മദലി 10 വർഷത്തിന് ശേഷമാണ് കൂടരഞ്ഞിയിൽ തിരിച്ചെത്തിയതെന്നും കൊലപാതകം നടത്തിയതായി പറയുന്ന 14ാം വയസ്സിൽ കൂടരഞ്ഞിയിൽ ഇല്ലെന്നും സഹോദരൻ പൗലോസ് പറഞ്ഞു.
10 വർഷം മുമ്പ് മാനസിക പ്രശ്നങ്ങൾക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മുഹമ്മദലി ചികിത്സ തേടിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം വിവാഹശേഷമാണ് ആന്റണി മതം മാറി മുഹമ്മദലിയെന്ന പേര് സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

