സുകുമാരക്കുറുപ്പ് കേസ് അവസാനിപ്പിക്കാൻ പൊലീസ്; കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന് നിഗമനം
text_fieldsതിരുവനന്തപുരം: വർഷങ്ങളായി കേരളാ പൊലീസിനെ വട്ടം കറക്കിയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കേസ് ഔദ്യോഗികമായി അവസാനിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന അന്തിമ നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേർന്നിരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് തന്നെ ഹൃദ്രോഗബാധയെ തുടർന്ന് അദ്ദേഹം മരണപ്പെട്ടിരിക്കാമെന്നാണ് പുതിയ വിലയിരുത്തൽ. ഇത് സംബന്ധിച്ച അന്തിമ റിപ്പോർട്ട് ഉടൻ തന്നെ ക്രൈംബ്രാഞ്ച് മേധാവിക്ക് സമർപ്പിക്കും.
കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും നീളമേറിയ തിരച്ചിലുകളിൽ ഒന്നായ ഈ കേസ്, പഴക്കം ചെന്നതും തീർപ്പാക്കാനുള്ളതുമായ കേസുകൾ അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി മൂന്ന് മാസം മുമ്പാണ് പ്രത്യേക സംഘം വീണ്ടും പരിശോധിച്ചത്. ഇതിന്റെ തുടർച്ചയായി, ജാർഖണ്ഡിൽ നഴ്സായി ജോലി ചെയ്തിരുന്ന സമയത്ത് സുകുമാരക്കുറുപ്പിനെ നേരിട്ട് കണ്ടതായി വെളിപ്പെടുത്തിയ ആലപ്പുഴ സ്വദേശി രത്നമ്മ ഉൾപ്പെടെയുള്ള പ്രധാന സാക്ഷികളുടെ മൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു.
ഈ മൊഴികളും അന്നത്തെ സാഹചര്യങ്ങളും ശാസ്ത്രീയമായി വിശകലനം ചെയ്ത ശേഷമാണ് പുതിയ തീരുമാനം. രത്നമ്മ കുറുപ്പിനെ കണ്ടു എന്ന് പറയുന്ന കാലയളവിൽ അദ്ദേഹം ഗുരുതരമായ ഹൃദ്രോഗത്താൽ ബുദ്ധിമുട്ടിയിരുന്നുവെന്നാണ് വിവരം. ഈ രോഗാവസ്ഥയും ഉയർന്ന പ്രായവും കണക്കിലെടുക്കുമ്പോൾ, ഇത്രയും ദീർഘകാലം അദ്ദേഹം ഒളിവിൽ ജീവിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഉന്നതതല കൂടിയാലോചനകൾക്ക് ശേഷമായിരിക്കും കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
സിനിമയെ വെല്ലുന്ന സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച ഈ കേസിന് പിന്നിലെ പശ്ചാത്തലം 1984 ജനുവരി 22നാണ്. സ്വന്തം പേരിലുള്ള വലിയൊരു തുകയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി, താൻ മരിച്ചുവെന്ന് വരുത്തിതീർക്കാൻ സുകുമാരക്കുറുപ്പും കൂട്ടാളികളും ചേർന്ന് ഫിലിം റെപ്രസന്റേറ്റീവായ ചാക്കോയെ കൊലപ്പെടുത്തുകയായിരുന്നു. ചാക്കോയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കാറിലിട്ട് കത്തിക്കുകയായിരുന്നു ചെയ്തത്. രാജ്യത്ത് ഏറ്റവുംകൂടുതൽ കാലം ഒളിവിൽ കഴിഞ്ഞ പ്രതിയെന്ന കുപ്രസിദ്ധിയോടെയാണ് സുകുമാരക്കുറുപ്പ് ചരിത്രത്തിൽ ഇടംനേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

