രഞ്ജിതയെ അപമാനിച്ച ഡെപ്യൂട്ടി തഹസിൽദാരെ കസ്റ്റഡിയിലെടുത്ത് പൊലീസ്; സർവീസിൽ നിന്ന് പിരിച്ചുവിടാൻ ശിപാർശ
text_fieldsകാസർകോഡ്: അഹ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ച തിരുവല്ല സ്വദേശിനിയായ നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഡെപ്യൂട്ടി തഹസിൽദാർ കസ്റ്റഡിയിൽ. വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ. പവിത്രനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വെള്ളരിക്കുണ്ട് പൊലീസാണ് പവിത്രനെ കസ്റ്റഡിയിലെടുത്തത്. എൻ.എസ്.എസ് ഹൊസ്ദുർഗ് താലൂക്ക് പ്രസിഡന്റ് പ്രഭാകരൻ കരിച്ചേരി നൽകിയ പരാതിയിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം ഹൊസ്ദുർഗ് പൊലീസാണ് പവിത്രനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 153 എ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.
രഞ്ജിതയുടെ അനുശോചന പോസ്റ്റിന് താഴെയാണ് എ. പവിത്രൻ അശ്ലീല കമന്റുകൾ ഇട്ടത്. ഇത് വിവാദമായതോടെ മന്ത്രിയുടെ നിർദേശപ്രകാരം സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു.
മുൻ മന്ത്രിയും എം.എൽ.എയുമായ ഇ. ചന്ദ്രശേഖരനെതിരെ അധിക്ഷേപ പോസ്റ്റിട്ടതിനും ഇയാൾ സസ്പെൻഷൻ നേരിട്ടിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുമ്പാണ് തിരികെ ജോലിയിൽ പ്രവേശിച്ചത്. വീണ്ടും സസ്പെൻഷൻ ആയതോടെ ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടാനും സാധ്യതയുണ്ട്. പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കാസർകോഡ് ജില്ലാ കലക്ടര്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

