‘പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ്’; സൂത്രധാരന്‍ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറെന്ന് പൊലീസ്; അന്വേഷണത്തിന് ഇ.ഡിയും
text_fieldsതിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച ‘പകുതി വിലക്ക് സ്കൂട്ടർ’ എന്ന തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദ കുമാറെന്ന നിഗമനത്തിലാണ് പൊലീസ്. പകുതി വിലക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയത് അവസരമായി കണ്ട്, കഴിഞ്ഞ ഫെബ്രുവരിയിൽ ആനന്ദ കുമാറിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തല്‍. എന്‍.ജി.ഒ കോൺഫെഡറേഷന്റെ ചുമതലയിൽ നിന്ന് ആനന്ദകുമാർ ഒഴിഞ്ഞ സാഹചര്യവും പരിശോധിക്കുന്നുണ്ട്. ഇതിനിടെ, തട്ടിപ്പിന്റെ അന്വേഷണത്തിന് കേന്ദ്ര ഏജൻസി വരുന്നു. ഇ.ഡി ഈ വിഷയത്തിൽ പ്രാഥമിക വിലയിരുത്തൽ നടത്തിയതായാണ് സൂചന.
പിടിയിലായ അനന്തുകൃഷ്ണൻ ആനന്ദകുമാറിന്റെ ബിനാമി ആണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. എട്ടുമാസം കൊണ്ട് നാല് അക്കൗണ്ടുകളിലേക്ക് എത്തിയത് 500 കോടിയിൽ അധികം തുകയെന്നും കണ്ടെത്തി. തട്ടിപ്പിനായി രൂപവൽകരിച്ച എന്‍.ജി.ഒ കോൺഫെഡറേഷൻ സംഘടന ഭാരവാഹികൾക്ക് എതിരെയും അന്വഷണം നടക്കുകയാണ്. അനന്തുകൃഷണന്റെ കസ്റ്റഡി അപേക്ഷ മൂവാറ്റുപുഴ കോടതി ഇന്ന് പരിഗണിക്കും.
പകുതിവില തട്ടിപ്പില്‍ അനന്തകൃഷ്ണന്‍ തന്നെ ആയുധമാക്കിയെന്നും വഞ്ചിച്ചുവെന്നും ആരോപണ വിധേയനായ കെ.എന്‍.ആനന്ദകുമാര്‍ പറയുന്നു. തട്ടിപ്പുവാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആനന്ദകുമാറിന്‍റെ പ്രതികരണം. സുതാര്യതയിൽ സംശയം തോന്നിയപ്പോഴാണ് ഫെഡറേഷനിൽ നിന്ന് രാജി വെച്ചതെന്നാണ് ആനന്ദകുമാര്‍ പറയുന്നത്. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റാണ് അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത്. സായി ട്രസ്റ്റിന് സി.എസ്.ആർ ഫണ്ട് വാഗ്ദാനം ചെയ്തായിരുന്നു സന്ദര്‍ശനമെന്നും ആനന്ദകുമാര്‍ പറഞ്ഞു. തട്ടിയെടുത്ത പണം മുഴുവന്‍ അനന്തുകൃഷ്ണന്‍റെ കമ്പനിയിലേക്കാണ് പോയത്. ആ കമ്പനിയില്‍ പങ്കാളികളില്ലെന്നും തട്ടിപ്പില്‍ മാറ്റാര്‍ക്കും പങ്കില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പകുതി വിലക്ക് സ്കൂട്ടർ നൽകാമെന്ന പേരിൽ സംസ്ഥാനത്തുടനീളം വൻ തട്ടിയ കേസിലെ പ്രതി അനന്തുകൃഷ്ണന് ബി.ജെ.പി നേതാവ് എ.എൻ. രാധാകൃഷ്ണനുമായി അടുത്ത ബന്ധമുണ്ടെന്ന് ബി.ജെ.പി വനിത നേതാവ് ഗീതാകുമാരിയുടെ വെളിപ്പെടുത്തിയിരുന്നു. തട്ടിപ്പിൽ ബി.ജെ.പി നേതാക്കൾക്ക് ബന്ധമുണ്ടോ എന്നറിയില്ലെന്നും എന്നാൽ, രാധാകൃഷ്ണനുമായി നല്ല ബന്ധമുണ്ടെന്നും ബി.ജെ.പി സംസ്ഥാന സമിതി അംഗം കൂടിയായ ഇടുക്കി മുട്ടത്ത് ഗീതാകുമാരി പറഞ്ഞു. ആലുവ ദേശത്ത് ഇവരുടെ ഫ്ലക്സ് വ്യാപകമായി ഉണ്ടായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഈ പറഞ്ഞത് സാധൂകരിക്കുന്ന തരത്തിൽ എ.എൻ. രാധാകൃഷ്ണന്റെ ഫേസബുക് പേജിൽ സ്കൂട്ടർ വിതരണത്തിന്റെ നിരവധി ഫോട്ടോകളും വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്.
ഇതിനിടെ, അനന്തുകൃഷ്ണനെ ന്യായീകരിച്ച് കോൺഗ്രസ് നേതാവും കൂട്ടുപ്രതിയുമായ അഡ്വ. ലാലി വിൻസെന്റ് രംഗത്തെത്തി. അനന്തു തനിക്ക് മകനെ പോലെയാണെന്നും അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ആ കുട്ടിയെ ബലിയാടാക്കിയതാണെന്നും കേസിന് പിന്നിൽ ദുഷ്ടബുദ്ധികളും രാഷ്ട്രീയ പകപോക്കലാണെന്നും അവർ ആരോപിച്ചു.
അതേസമയം, കോഴിക്കോട് പകുതി വില തട്ടിപ്പിൽ ഇടനിലക്കാരായി അനന്തു കൃഷ്ണൻ ഉപയോഗിച്ച നാഷണൽ എൻ.ജി.ഓ കോൺഫെഡറേഷൻ സംഘടന, സിറ്റി കമ്മിഷണർക്കും വിജിലൻസിനും പരാതി നൽകി. ജില്ലയിൽ അയ്യായിരത്തിലധികമാളുകൾ തട്ടിപ്പിന് ഇരയായതായാണ് കണക്കുകൾ. 20 കോടിയോളം രൂപയുടെ തട്ടിപ്പുണ്ടായെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് നടത്തിയവർ സംഘടനകളെയും അതിലൂടെ സാധാരണക്കാരെയും വഞ്ചിച്ചു എന്നു പറഞ്ഞാണ് പരാതി.
വയനാട്ടില്‍ അക്ഷയ സെന്‍ററുകള്‍ വഴിയാണ് തട്ടിപ്പിലേറെയും നടന്നത്. ജില്ലയിലെ 22 സെന്‍ററുകളിലായി 500 പേര്‍ പണമടച്ച് വെട്ടിലായെന്നാണ് റിപ്പോര്‍ട്ട്. ബത്തേരി മേഖലയിലാണ് കൂടുതൽ തട്ടിപ്പുകൾ നടന്നത്. അറുപതിനായിരത്തിനു പുറമെ 5900 രൂപ കമ്മീഷൻ കൂടി വാങ്ങിയായിരുന്നു തട്ടിപ്പ്. അക്ഷയ സെന്ററുകൾ തട്ടിപ്പിന് മുന്നിൽ നിൽക്കുന്നതായി കാണിച്ചു കഴിഞ്ഞ ഒക്ടോബറിൽ തന്നെ സി. ഐ. ടി. യുവിനു കീഴിലുള്ള അസോസിയേഷൻ ഓഫ് ഐ. ടി എംപ്ലോയീസ് ജില്ലാ കലക്ടർക്ക് പരാതി നൽകിയെങ്കിലും പരിഗണിച്ചി്ലെന്നും ആക്ഷേപമുണ്ട്. ഇരുപതോളം പരാതികള്‍ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലാവട്ടെ ഇതുവരെ 13 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

