ഷുഹൈബ് വധം: കുറ്റപത്രം സമർപ്പിച്ചു
text_fieldsമട്ടന്നൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിെൻറ കുറ്റപത്രം മട്ടന്നൂര്‍ പൊലീസ്, ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. എടയന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലുണ്ടായ എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷവും തുടര്‍ന്നുണ്ടായ സി.പി.എം -കോണ്‍ഗ്രസ് സംഘര്‍ഷവുമാണ് കൊലക്ക് കാരണമെന്നാണ് കുറ്റപത്രത്തിലുള്ളത്. റിമാൻഡിൽ കഴിയുന്ന ആകാശ് തില്ലങ്കേരിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം. 8000ത്തോളം പേജുള്ള അനുബന്ധരേഖകളും 386 പേജുള്ള കുറ്റപത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 12ന് രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയില്‍വെച്ചാണ് ഷുഹൈബ് വെട്ടേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 11 സി.പി.എം പ്രവര്‍ത്തകരെ മട്ടന്നൂര്‍ സി.ഐ എ.വി. ജോണിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.പാലയോട് സ്വദേശികളായ ബൈജു, സഞ്ജയ് എന്നിവര്‍ക്ക് 50 ദിവസത്തിനുശേഷം ജാമ്യം ലഭിച്ചു. മറ്റു പ്രതികളില്‍ ചിലര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചുവെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു.
കൊലപാതകത്തിനുള്ള കാരണവും പ്രതികള്‍ക്കുള്ള പങ്കുമുള്‍പ്പെടെ വിവരിച്ചാണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളത്. കൊലപാതകത്തിലും ഗൂഢാലോചനയിലുമായി 17 പേര്‍ പങ്കെടുത്തതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ആറുപേര്‍ പിടിയിലാകാനുണ്ട്.
കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുഹൈബിെൻറ കുടുംബം ഹൈകോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് കേസന്വേഷണം സിംഗിള്‍ബെഞ്ച് സി.ബി.ഐ ക്ക് വിട്ടിരുന്നു. എന്നാൽ, ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ഇത് സ്റ്റേചെയ്തു. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ കുടുംബം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നിലവിലെ അന്വേഷണം തുടരാം എന്നായിരുന്നു കോടതിനിലപാട്. ഇതേതുടര്‍ന്നാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
