പൊലീസ് സ്റ്റേഷനുകൾ സംരക്ഷണത്തിന്റെ ഇടമാകണമെന്ന് മുഖ്യമന്ത്രി; ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
text_fieldsതിരുവനന്തപുരം പേരൂർക്കട പോലീസ് സ്റ്റേഷനിൽ ‘മൈ പൊലീസ് സ്റ്റേഷൻ’പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ഡി.ജി.പി റവാഡ ചന്ദ്രശേഖർ, മന്ത്രിമാരായ കെ. മുരളീധരൻ, രമേശ് ചെന്നിത്തല തുടങ്ങിയവർ സമീപം
പേരൂർക്കട (തിരുവനന്തപുരം): പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് ഭയത്തിന്റെ ഇടമല്ലെന്നും സഹായവും സംരക്ഷണവും ലഭിക്കുന്ന ഇടമായി മാറണമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊലീസിനെക്കുറിച്ചുള്ള ഭയത്തിന്റെ ധാരണ മാറ്റി, തങ്ങളുടെ സുഹൃത്തും സഹായിയുമാണെന്ന വിശ്വാസം ജനങ്ങളിൽ വളർത്തിയെടുക്കണം. അതേസമയം, കുറ്റകൃത്യം ചെയ്താൽ പൊലീസ് കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന ഭയം കുറ്റവാളികൾക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസിന്റെ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസ് സ്റ്റേഷനിലെത്തുന്ന പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങി എല്ലാവരോടും ഉദ്യോഗസ്ഥർ സൗമ്യതയോടെയും സ്നേഹത്തോടെയും പെരുമാറണം. പരാതി നൽകാൻ എത്തുന്നയാൾക്ക് അവിടെനിന്ന് നീതി ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടാകണം. ആധുനിക കാലത്തെ ഏറ്റവും ജനസൗഹൃദമായ പൊലീസ് സങ്കൽപമാണ് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയിലൂടെ മുന്നോട്ടുവെക്കുന്നത്. കുറ്റകൃത്യങ്ങളുടെ മാറുന്ന സ്വഭാവത്തിനനുസരിച്ച് പൊലീസിന്റെ അന്വേഷണ രീതിയിലും സമീപനത്തിലും മാറ്റം അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയ ആധുനിക സങ്കേതങ്ങൾ കുറ്റവാളികൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ അതിനനുസരിച്ച് പൊലീസിനെയും സജ്ജമാക്കണം-മുഖ്യമന്ത്രി പറഞ്ഞു.
‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കേരള പൊലീസിന്റെ ചരിത്രത്തിലെ അവിസ്മരണീയ നാഴികക്കല്ലാണ് ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതിയെന്ന് അധ്യക്ഷത വഹിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മേയർ വി.വി. രാജേഷ്, സംസ്ഥാന പൊലീസ് മേധാവി രവാഡ ചന്ദ്രശേഖർ, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, മുൻ ഡി.ജി.പിയും പൊലീസ് ഉപദേഷ്ടാവുമായ എ. ഹേമചന്ദ്രൻ, എ.ഡി.ജി.പി പി. വിജയൻ, സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണ, പേരൂർക്കട എസ്.എച്ച്.ഒ ടി.കെ. വിനോദ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

