മാനത്ത് കാറുകണ്ടാൽ പേടിയാ പൊലീസിന്
text_fieldsതിരുവല്ല: കാലപ്പഴക്കത്താൽ തകർന്ന മേൽക്കൂരയും വിണ്ടുകീറിയ ഭിത്തികളുമുള്ള പൊലീസ് സ്റ്റേഷൻ കെട്ടിടം വരുന്ന മഴക്കാലത്തെ അതിജീവിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. തകർന്ന മേൽക്കൂര ടാർപാളിൻ കൊണ്ടുമൂടിയാണ് പുളിക്കീഴ് സ്റ്റേഷനിലെ പൊലീസുകാർ ജോലിചെയ്യുന്നത്. മരണ ഭയത്തോടെയാണ് കെട്ടിടത്തിൽ കഴിച്ചു കൂട്ടുന്നതെന്ന് ഇവർ പറയുന്നു.
മാനത്ത് കാറുകൊണ്ടാല്‍ ഫയലുകളും കമ്പ്യൂട്ടർ അടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനുള്ള നെട്ടോട്ടത്തിലാകും ഉദ്യോഗസ്ഥർ. ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്സിെൻറ കെട്ടിടം 1986ലാണ് പുളിക്കീഴ് പൊലീസ് സ്റ്റേഷനുവേണ്ടി വാടകക്കെടുത്തത്. സ്റ്റേഷെൻറ പ്രവര്‍ത്തനം തുടങ്ങിയിട്ട് 34 വര്‍ഷമായിട്ടും ഒരുവിധ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിൽ സ്റ്റേഷൻ കെട്ടിടം വെള്ളത്തില്‍ മുങ്ങിയിരുന്നു. തുടർന്ന് കെട്ടിടത്തിന് കാര്യമായ ബലക്ഷയം ഉണ്ടാവുകയും ചെയ്തു.
പുതിയ സ്റ്റേഷൻ കെട്ടിടം നിർമിക്കുന്നതിനായി ആലുന്തുരുത്തി കീച്ചേരിവാൽക്കടവിന് സമീപം 75 സെൻറ് സ്ഥലം അനുവദിക്കുകയും ആഭ്യന്തര വകുപ്പ് 30ലക്ഷം രൂപ ബജറ്റില്‍ തുക വകയിരുത്തുകയും ചെയ്തിരുന്നു. കെട്ടിടത്തിെൻറ സ്കെച്ച് തയാറാക്കുന്നതിനുള്ള ഫയൽ ആഭ്യന്തരവകുപ്പ് പൊതുമരാമത്ത് വകുപ്പ് നിർമാണ വിഭാഗത്തിന് മൂന്നുമാസം മുമ്പ് കൈമാറിയിരുന്നു. എന്നാൽ, തുടർ നടപടി ലോക്ഡൗണിൽ കുരുങ്ങിക്കിടക്കുകയാണെന്ന് തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
