കണ്ണിലെ ശസ്ത്രക്രിയക്കിടെ ഒന്നരവയസ്സുകാരി മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: കണ്ണിലെ ശസ്ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാൾ കാൻപുർ സ്വദേശി അവിജിത്ത് മൊണ്ടാലിന്‍റെ ഒന്നരവയസ്സുകാരിയായ മകൾ അങ്കിതയാണ് കഴിഞ്ഞ ബുധനാഴ്ച മരിച്ചത്.
കാഴ്ചക്കുറവ് പരിഹരിക്കാൻ ചങ്ങമ്പുഴ മെട്രോ സ്റ്റേഷന് സമീപത്തെ സ്വകാര്യ കണ്ണാശുപത്രിയിൽ ഇടതുകണ്ണിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഓപറേഷനിടെ കുഞ്ഞിന്‍റെ നാടിമിടിപ്പ് കുറഞ്ഞുപോയി എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പരാതിയിൽ പറഞ്ഞു. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു. കേസെടുത്ത എളമക്കര പൊലീസ് ചികിത്സ രേഖകളും സി.സി ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
കുട്ടിക്ക് ഭാഗികമായി കാഴ്ചപരിമിതിയുണ്ടായിരുന്നു. കാഴ്ച തിരിച്ചുകിട്ടാൻ നിർധന കുടുംബം നിരവധി ആശുപത്രികളെ സമീപിച്ചിരുന്നു. കൊച്ചിയിലെ കണ്ണാശുപത്രിയെക്കുറിച്ച് ബന്ധു മുഖേന അറിഞ്ഞ് മാർച്ചിൽ ഇവിടെ എത്തിക്കുകയായിരുന്നു. 25ന് വലതുകണ്ണിന്‍റെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു.
മരണകാരണം കണ്ടെത്താൻ അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ സമഗ്രാന്വേഷണമുണ്ടാകും. വിശദ അന്വേഷണത്തിനായി മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ ജില്ല മെഡിക്കൽ ഓഫിസർക്ക് പൊലീസ് റിപ്പോർട്ട് നൽകും. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

