രാഷ്ട്രീയ നേതൃത്വ, ഉദ്യോഗസ്ഥ സുരക്ഷക്കായി 3200 പൊലീസുകാർ
text_fieldsകോട്ടയം: സംസ്ഥാനത്ത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത് 3200 പൊലീസുകാരെ. ഇവരുടെ ശമ്പളത്തിനടക്കം ചെലവഴിക്കുന്നത് പ്രതിമാസം 20-25 കോടി. ഒരു പൊലീസുകാരന് വേണ്ടിവരുന്ന പ്രതിമാസ ചെലവ് 55,000-60,000 രൂപവരെയും. മൂന്ന് മുൻ മുഖ്യമന്ത്രിമാർക്കും രണ്ട് മുൻ ആഭ്യന്തരമന്ത്രിമാർക്കും ഒപ്പം മാത അമൃതാനന്ദമയിക്കും ഇസഡ് കാറ്റഗറി സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത് നൂറിലധികം പൊലീസുകാരെയാണ്. മുൻ മുഖ്യമന്ത്രിമാരായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി, വി.എസ്. അച്യുതാനന്ദൻ, മുൻ ആഭ്യന്തര മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണൻ, രമേശ് ചെന്നിത്തല എന്നിവർക്കാണ് ഇസഡ് കാറ്റഗറി സുരക്ഷയുള്ളത്. ഇതിൽ രമേശ് ചെന്നിത്തലക്ക് പ്രതിപക്ഷ നേതാവെന്ന നിലയിൽ എസ്കോർട്ട് അടക്കം കൂടുതൽ സുരക്ഷാസംവിധാനമുണ്ട്. സംസ്ഥാനത്ത് ഇസഡ് പ്ലസ് സുരക്ഷയുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്.
അമൃതാനന്ദമയിക്ക് കേന്ദ്ര സർക്കാറിെൻറ 40 സി.ആർ.പി.എഫ് സെക്യൂരിറ്റിക്ക് പുറമെയാണ് 10 പൊലീസുകാരെയും നൽകിയിട്ടുള്ളത്. മലബാർ മേഖലയിലെയും മധ്യതിരുവിതാംകൂറിലെയും ചില മത- സാമുദായിക നേതാക്കൾക്ക് നൽകിയിരുന്ന പൊലീസ് സുരക്ഷ അടുത്തിടെ പിൻവലിച്ചിരുന്നു. മുൻ മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്ക് അഞ്ചുവീതം പൊലീസുകാരാണ് സുരക്ഷക്കായുള്ളത്. പി.ജെ. ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ്, പി.പി. തങ്കച്ചൻ, കെ.ആർ. ഗൗരിയമ്മ, കുട്ടി അഹമ്മദ് കുട്ടി, സി. ദിവാകരൻ, മുൻ സ്പീക്കർ എൻ. ശക്തൻ, എം.പിമാരായ വയലാർ രവി, പ്രഫ. കെ.വി. തോമസ്, മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കെ.സി. വേണുഗോപാൽ എന്നിവർക്കും എം.എൽ.എമാരിൽ 40-45 പേർക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ ഭീഷണി ഉള്ളവർക്കുമാത്രമല്ല, അല്ലാത്തവർക്കും സുരക്ഷ നൽകുന്നുണ്ടെന്നതാണ് പ്രത്യേകത. ചില പൊലീസുകാരുടെ സമ്മർദത്തതിനു വഴങ്ങി സുരക്ഷ വാങ്ങുന്നവരുമുണ്ട്. മറ്റ് പണിക്കൊന്നും പോകാതെ ശമ്പളം വാങ്ങുന്നവരാണ് ഇവർ.
അതിനിടെ വി.ഐ.പി സുരക്ഷ വിലയിരുത്താൻ പൊലീസ് മേധാവി ലോക്നാഥ് െബഹ്റയെയും ഇൻറലിജൻസ് എ.ഡി.ജി.പി ടി.കെ. വിനോദ് കുമാറിനെയും ആഭ്യന്തര സെക്രട്ടറി തിങ്കളാഴ്ച അടിയന്തര യോഗത്തിന് വിളിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിലെയും േകന്ദ്ര െഎ.ബിയിലെയും ഉദ്യോഗസ്ഥരെയും ഇതിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരുെട എണ്ണം വെട്ടിക്കുറക്കണെമന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. മാവോവാദി സ്വാധീനമേഖലയിൽ വരുന്ന അഞ്ച് ജില്ലകളിൽ കൂടുതൽ സുരക്ഷനിലനിർത്തുന്നതും സംസ്ഥാനത്ത് മത-തീവ്രവാദ സംഘടനകളുടെ പ്രവർത്തനം ശക്തമാകുന്നുവെന്ന റിപ്പോർട്ടും യോഗത്തിൽ ചർച്ചയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
