വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ കൊച്ചി എസ്.ഐ അറസ്റ്റിൽ
text_fieldsകൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിൽ എസ്.ഐ അറസ്റ്റിൽ. 37കാരിയായ വീട്ടമ്മ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ബാബു മാത്യുവാണ് അറസ്റ്റിലായത്.
ബാബു മാത്യു മുളന്തുരുത്തി സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ആയിരിക്കെ ഒരു വർഷത്തോളം തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. ഡി.സി.പി പൂങ്കുഴലിക്ക് നൽകിയ പരാതിയിൽ ബാബു മാത്യുവിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ബലാത്സംഗക്കുറ്റത്തിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ബാബു മാത്യു മൂൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഒരു വാഹന പരിശോധനക്കിടെയാണ് എസ്.ഐ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് ഇവരുടെ വീട്ടിൽ സന്ദർശനത്തിനെത്തുകയും ചെയ്തിരുന്നു. ഒരു ദിവസം വീട്ടിലെത്തിയ ഇയാൾ അനുവാദമില്ലാതെ മുറിയിൽ കടന്ന് യുവതിയെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരു വർഷമായി ഇയാൾ പീഡനം തുടരുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു.

