കുമ്മനത്തു നിന്ന് കാണാതായ ദമ്പതികളെ തിരഞ്ഞ് പൊലീസ് ഹൈറേഞ്ചിൽ
text_fieldsപീരുമേട്: കോട്ടയം കുമ്മനത്തുനിന്ന് കഴിഞ്ഞ ഏപ്രിൽ ആറിന് കാണാതായ അറുപുറ ഒറ്റകണ്ടത്തിൽ ഹാഷിം (42), ഭാര്യ ബിബ (37) എന്നിവർക്കായി പൊലീസ് ഹൈറേഞ്ചിൽ തിരച്ചിൽ നടത്തി. ഹാഷിമിെൻറ ഫോൺ സാന്നിധ്യം കുട്ടിക്കാനത്തെ മൊബൈൽ ഫോൺ ടവറിൽ കണ്ടെത്തിയതിനെത്തുടർന്നാണ് പൊലീസ് തിരച്ചിൽ.
സൈബർ സെല്ലിെൻറ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ഏപ്രിൽ ആറിന് ഫോൺ സാന്നിധ്യം കണ്ടെത്തിയത്. വളഞ്ചാങ്കാനത്തെ വളവിനു സമീപം പുഴ, വനം എന്നിവിടങ്ങളിലും മത്തായിക്കൊക്ക, വാഗമൺ എന്നിവിടങ്ങളിലുമായിരുന്നു പരിശോധന. മുണ്ടക്കയം എസ്.ഐ അനൂപ് നേതൃത്വം നൽകി. ഹാഷിമിെൻറ ബന്ധുവായ ശിഹാബും പൊലീസ് സംഘത്തോടൊപ്പമുണ്ടായിരുന്നു. ഏപ്രിൽ ആറിന് വൈകീട്ട് ഭക്ഷണം വാങ്ങാൻ കാറിൽ പോയ ദമ്പതികളെ കാണാതാവുകയായിരുന്നു.
പുതിയ വാഗൺ ആർ കാറിലാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. ലൈസൻസ്, എ.ടി.എം കാർഡ്, പഴ്സ് എന്നിവ എടുത്തിരുന്നില്ല. ദമ്പതികളുടെ തിരോധാനത്തെത്തുടർന്ന് കുമരകത്തെ പുഴയിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഇവർ പരുന്തുംപാറ വിനോദസഞ്ചാരകേന്ദ്രത്തിൽ എത്തിയതായി അഭ്യൂഹം ഉണ്ടായതിനാൽ കഴിഞ്ഞ ജൂണിൽ അവിടെയും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു.
