ലോക്കൽ സെക്രട്ടറിയുടെ കൊല: അഭിലാഷിന് മാത്രമാണ് പങ്കുള്ളതെന്ന് പൊലീസ്
text_fieldsപ്രതി അഭിലാഷ്
കൊയിലാണ്ടി: പെരുവട്ടൂരിലെ ചെറിയപുറം ക്ഷേത്രോത്സവത്തിനിടെ സി.പി.എം കൊയിലാണ്ടി സെന്ട്രല് ലോക്കല് കമ്മിറ്റി സെക്രട്ടറി പി.വി. സത്യനാഥനെ വെട്ടിക്കൊന്ന കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
വടകര ഡിവൈ.എസ്.പി സജേഷ് വാഴയിലിന്റെ മേൽനോട്ടത്തിൽ കൊയിലാണ്ടി സി.ഐ മെൽവിൻ ജോസഫിനാണ് അന്വേഷണച്ചുമതല. വെള്ളിയാഴ്ച രാത്രിതന്നെ പൊലീസിൽ കീഴടങ്ങിയ പ്രതി അഭിലാഷിന് മാത്രമാണ് കൃത്യത്തിൽ പങ്കുള്ളതെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടി സ്റ്റേഷനിൽനിന്ന് പ്രതിയെ സുരക്ഷാകാരണങ്ങളാൽ എടച്ചേരി സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
കൊയിലാണ്ടിയിൽനിന്ന് വെള്ളിയാഴ്ച വൈകീട്ടോടെ എടച്ചേരിയിലെത്തിയ സി.ഐ മെൽബിൻ ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വ്യക്തിവിരോധമാണ് കൊലപാതകത്തിൽ കലാശിച്ചത്. മറ്റ് പാർട്ടിക്കാരിൽനിന്ന് മർദനമേറ്റ സംഭവത്തിൽപോലും പാർട്ടി സെക്രട്ടറി തന്നെ കുറ്റപെടുത്തുകയായിരുന്നു. തികഞ്ഞ അവഗണനയാണ് പലപ്പോഴും സെക്രട്ടറിയിൽനിന്ന് ഉണ്ടായതെന്നും പ്രതി പൊലീസിനു മൊഴി നൽകി. മൂർച്ചയേറിയ കത്തിയുപയോഗിച്ചാണ് അക്രമം നടത്തിയത്. സത്യനാഥന്റെ ശരീരത്തിൽ ആറു മുറിവുകളുണ്ടായിരുന്നു. രണ്ടെണ്ണം കഴുത്തിലും മൂന്നെണ്ണം തോളിലും ഒന്ന് തോളിന് താഴെയുമായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ക്ഷേത്രത്തിനു തൊട്ടടുത്ത പറമ്പിൽനിന്ന് പൊലീസ് കണ്ടെടുത്തു.
ചോദ്യംചെയ്യലിൽ അഭിലാഷ് ആയുധം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പൊലീസിന് വ്യക്തമായ വിവരം നൽകിയിരുന്നു. ഇതുപ്രകാരം നടത്തിയ തിരച്ചിലിലാണ് കത്തി കണ്ടെത്തിയത്.
സത്യനാഥന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച രണ്ടുമണിയോടെ വെങ്ങളത്തുനിന്ന് വിലാപയാത്രയായി കൊണ്ടുവന്ന് കൊയിലാണ്ടി സെൻട്രൽ ഏരിയ കമ്മിറ്റി ഓഫിസ് പരിസരത്ത് പൊതുദർശനത്തിനുവെച്ചശേഷം രാത്രി എട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി, അരിക്കുളം, കീഴരിയൂർ, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിൽ വെള്ളിയാഴ്ച ഹർത്താൽ ആചരിച്ചു.
കൊലപാതകത്തിൽ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണം. ലഹരിമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ചതിലുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് കരുതുന്നതായി സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതിക്ക് പാർട്ടിയുമായി ബന്ധമില്ല -എം.വി. ഗോവിന്ദൻ
കണ്ണൂർ: കൊയിലാണ്ടിയിൽ സി.പി.എം ലോക്കൽ സെക്രട്ടറി കൊല ചെയ്യപ്പെട്ടത് അതിദാരുണമായ സംഭവമാണെന്നും കേസിലെ പ്രതിക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതി മുമ്പ് പാർട്ടി അംഗമായിരുന്നു. പാർട്ടിക്ക് ഒരുനിലക്കും ഉൾക്കൊള്ളാൻ കഴിയാത്ത പ്രവണതകൾ കാണിച്ചതിനാൽ പിന്നീട് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ്. പ്രതിക്ക് വ്യക്തിപരമായ പകയുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽനിന്ന് മനസ്സിലായത്. ഇതിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ നല്ല മുന്നേറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

