താമരശ്ശേരിയിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്, 321 പേർക്കെതിരെ കേസ്; പ്ലാന്‍റ് അടച്ചുപൂട്ടണമെന്ന് എം.കെ മുനീര്‍ എം.എല്‍.എ
text_fieldsതാമരശ്ശേരി (കോഴിക്കോട്): അമ്പായത്തോട് ഇറച്ചിപ്പാറയില്‍ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. സംഭവത്തിൽ 321 പേർക്കെതിരെ കേസെടുത്തു. ഡിവൈ.എഫ്.ഐ കൊടുവള്ളി ബ്ലോക്ക് പ്രസിഡന്‍റും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ടി. മെഹറൂഫാണ് ഒന്നാം പ്രതി. കലാപം, വഴി തടയൽ, അന്യായമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
പഞ്ചായത്തുകളിൽ ഇന്ന് ഭാഗിക ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി പഞ്ചായത്തുകളിലെയും കൊടുവള്ളി മുനിസിപ്പാലിറ്റിയിലെയും വിവിധ പ്രദേശങ്ങളിലാണ് ഹർത്താൽ പ്രഖ്യാപിച്ചത്. ഡി.ഐ.ജി യതീഷ് ചന്ദ്ര സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സമാധാനപരമായി ഫ്രഷ് കട്ടിന് മുമ്പില്‍ സമരം ചെയ്തവരെ ക്രൂരമായി നേരിടുകയായിരുന്നു പൊലീസ് എന്നും ഫ്രഷ് കട്ട് അടച്ചുപൂട്ടിയേ തീരൂ എന്നും ഡോ.എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. ‘ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയുയർത്തുന്ന, ദുർഗന്ധം പരത്തുന്ന ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ സമരത്തിന് നേരെയുള്ള പൊലീസ് അതിക്രമം തീർത്തും പ്രതിഷേധാർഹമാണ്. യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ ടിയർ ഗ്യാസ് ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് അതിക്രമം അഴിച്ചുവിട്ടത് മൂലം നിരവധി സമരക്കാർക്കാണ് പരുക്കേറ്റിട്ടുള്ളത്. സമാധാനപരമായി സമരം ചെയ്യുന്നവർക്ക് നേരെ നടന്ന ഈ കൈയേറ്റം അംഗീകരിക്കാനാവില്ല. പൊതുജനാരോഗ്യത്തെയും പ്രദേശവാസികളുടെ സമാധാനപരമായ ജീവിതത്തെയും ബാധിക്കുന്ന ഈ മാലിന്യ പ്ലാന്‍റ് എത്രയും പെട്ടെന്ന് അടച്ചുപൂട്ടാൻ അധികൃതർ തയാറാകണം’ -മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതിഷേധങ്ങൾക്കിടെ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടിരുന്നു. സംഘര്‍ഷത്തില്‍ റൂറല്‍ എസ്.പി ഉൾപ്പെടെ 20ഓളം പൊലീസുകാര്‍ക്കും നിരവധി സമരക്കാർക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്.പി കെ.ഇ. ബൈജു, താമരശ്ശേരി എസ്.എച്ച്.ഒ സായൂജ് കുമാർ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഫ്രഷ് കട്ടിനെതിരെ സമരസമിതിയുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ മുതൽ രാപകൽ സമരം നടക്കുകയായിരുന്നു. പരിസര പ്രദേശങ്ങളിലെ സ്ത്രീകൾ ഉൾപ്പെടെ 200ഓളം പേരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇതിനിടെ സമരസമിതി നേതാക്കളെ തേടി പൊലീസ് വീടുകളിൽ പരിശോധന നടത്തിയത് സമരക്കാരെ പ്രകോപിപ്പിച്ചു.
വൈകീട്ട് നാലോടെ ഫ്രഷ് കട്ട് ഫാക്ടറിയിലേക്കുള്ള റോഡ് ഇവർ ഉപരോധിച്ചു. ഇതിനിടയിൽ ഫാക്ടറിയിലേക്ക് വന്ന വാഹനം തടഞ്ഞ സമരക്കാരെ നീക്കംചെയ്യുന്നതിനിടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി. കല്ലേറിൽ പൊലീസിനും പരിക്കേറ്റു. ഇതോടെയാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതും ലാത്തിച്ചാർജ് നടത്തിയതും. കോഴിമാലിന്യം സംസ്‌കരിക്കുന്നത് കാരണം ദുര്‍ഗന്ധം വമിക്കുന്നതില്‍ പ്രതിഷേധിച്ച് ഫാക്ടറിക്കെതിരെ ഏറെനാളായി നാട്ടുകാർ സമരത്തിലാണ്. ഫാക്ടറി പൂട്ടാന്‍ നിരവധി ഉത്തരവുകളുണ്ടായെങ്കിലും അതൊന്നും നടപ്പാക്കാതെ അധികൃതര്‍ ഫാക്ടറിയെ സംരക്ഷിക്കുകയാണെന്നാണ് പ്രതിഷേധക്കാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

