കൊച്ചി: മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. മത്സരയോട്ടമാണ് അപകടത്തിന് വഴിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മത്സരയോട്ടം നടന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
ഷൈജുവും മോഡലുകളുടെ കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്‌മാനും മദ്യപിച്ചിരുന്നതായും പൊലീസ് പറയുന്നു. മനപൂർവ്വമല്ലാത്ത നരഹത്യക്കായിരിക്കും മോഡലുകളുടെ കാർ ഓടിച്ച അബ്ദുൾ റഹ്‌മാനെതിരെ കേസെടുക്കുക. എന്നാൽ ഷൈജുവിനെതിരെ ഈ വകുപ്പ് ചുമത്താൻ സാധിക്കില്ലെന്നും പ്രത്യേക വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുകയെന്നും പൊലീസ് അറിയിച്ചു. ഷൈജുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. അമിതവേഗത്തിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ പിന്നാലെ പോയതെന്നാണ് ഷൈജു പറഞ്ഞത്.
അതേസമയം, ഡി.ജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും ഹോട്ടലുടമ ഒളിവിലായതും ദുരൂഹതകൾ ബാക്കിയാക്കുകയാണ്. ഹോട്ടലുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ കാരണമെന്താണെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഡിജെ പാർട്ടിക്കിടെ എന്തെങ്കിലും പ്രശ്നമുണ്ടായതിനെ തുടർന്നാണോ ദൃശ്യങ്ങൾ നശിപ്പിച്ചത് എന്നും പരിശോധിക്കുന്നുണ്ട്. പാർട്ടി നടന്ന ഹാളിലെയും ഹോട്ടലിലെ പാർക്കിങ് സ്ഥലത്തെയും ദൃശ്യങ്ങളാണ് ലഭ്യമല്ലാത്തത്.
നവംബർ ഒന്നിന് പുലർച്ചെ പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയിലാണ് നിയന്ത്രണംവിട്ട കാർ മീഡിയനിലെ മരത്തിലിടിച്ചത്. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്നു സംഘം. ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ ഇടത്തേക്ക് വെട്ടിച്ചപ്പോഴായിരുന്നു അപകടം. 2019ലെ മിസ് കേരളയും ആറ്റിങ്ങൽ സ്വദേശിയുമായ അൻസി കബീർ, റണ്ണറപ്പും മാള സ്വദേശിയുമായ ഡോ. അഞ്ജന ഷാജൻ എന്നിവർ സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ.എ മുഹമ്മദ് ആഷിഖ് പിന്നീടും മരിച്ചു.