മൊഴികൾ വിശദമായി പരിശോധിച്ചശേഷം ഇനി ഷൈനിനെ വിളിപ്പിച്ചാൽ മതിയെന്ന് തീരുമാനം; ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്
text_fieldsകൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യം കിട്ടിയ നടൻ ഷൈൻ ടോം ചാക്കോ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചേക്കും. ശാസ്ത്രീയ പരിശോധനയുടെ ഫലം വന്നതിനുശേഷം ലഹരി ഉപയോഗം തെളിഞ്ഞില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നടന് കിട്ടിയിട്ടുള്ള നിയമോപദേശം. കൈയിൽനിന്ന് ലഹരി കണ്ടെടുക്കാത്തതുകൊണ്ടും പൊലീസ് വകുപ്പുകൾ ദുർബലമായതുകൊണ്ടും കേസ് കോടതിയിൽ പൊളിയുമെന്നാണ് ഷൈനിന്റെ അഭിഭാഷകരുടെ കണക്കുകൂട്ടൽ.
അതേസമയം, ഷൈനിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി നടന്റെ പണമിടപാടുകളും ഫോൺകാളുകളും കൂടുതലായി പരിശോധിച്ചേക്കും. ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും സംസ്ഥാനത്തിന് പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.
മയക്കുമരുന്ന് ഉപയോഗത്തിനായുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് ഷൈനും മലപ്പുറം സ്വദേശി അഹമ്മദ് മുർഷാദും ഹോട്ടലിൽ എത്തിയതെന്നാണ് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ മുർഷാദിനെയും കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു. ഇതിനുപുറമെ ഷൈനുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ലഹരി ഇടപാടുകാരൻ സജീറിനായുള്ള അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസത്തെ ചോദ്യംചെയ്യലിൽ സിനിമ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന് ഷൈൻ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഇതിന്റെ ചീത്തപ്പേര് കേൾക്കുന്നത് തനിക്കും മറ്റൊരു നടനും മാത്രമാണെന്നും ഷൈൻ പറഞ്ഞു. തന്റെ അക്കൗണ്ടിൽനിന്ന് പല വ്യക്തികൾക്കായി കൊടുത്തിട്ടുള്ള രണ്ടായിരം മുതൽ അയ്യായിരം രൂപ വരെയുള്ള തുക താൻ കടം കൊടുത്തതാണെന്നും നടൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇത് പൊലീസ് വിശ്വാസത്തിലെടുക്കുന്നില്ല. ഇത്തരം പണമിടപാടുകൾ കൂടുതൽ പരിശോധിച്ചേക്കും.
ഇന്ന് ഹാജരാകേണ്ടതില്ലെന്ന് പൊലീസ്
കൊച്ചി: ലഹരിക്കേസില്‍ നടന് ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച ഹാജരാകേണ്ടതില്ലെന്ന് പൊലീസ്. മൊഴികൾ വിശദമായി പരിശോധിച്ചശേഷം ഇനി ഷൈന്‍ ടോം ചാക്കോയെ വിളിപ്പിച്ചാൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേരും. ഷൈനെ എപ്പോൾ ചോദ്യംചെയ്യണമെന്ന കാര്യത്തിൽ യോഗത്തിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. ഷൈന്‍ ടോം ചാക്കോയോട് തിങ്കളാഴ്ച രാവിലെ 10ന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ പൊലീസ് നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

