ട്രെയിൻ തട്ടി ഒന്നര വയസ്സുകാരൻ മരിച്ചതിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്
text_fieldsഅമ്പലപ്പുഴ: അമ്പലപ്പുഴയിൽ ട്രെയിൻ തട്ടി ഒന്നര വയസ്സായ കുഞ്ഞ് മരിച്ചതിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്. സംഭവത്തിൽ ലോക്കോ പൈലറ്റിന്റെ മൊഴിയാണ് നിർണായകമായത്. കുഞ്ഞ് താഴെ നിന്ന് ട്രാക്കിലേക്ക് ഓടിക്കയറുന്നത് കണ്ടുവെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി. എറണാകുളം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു മെമുവാണ് കുട്ടിയെ ഇടിച്ചത്. വളരെ ദൂരത്തുനിന്ന് കുട്ടി ട്രാക്കിലേക്ക് കയറുന്നത് കണ്ടുവെന്നും അതിനാൽ ട്രെയിനിന്റെ വേഗത കുറച്ചിരുന്നുവെന്നും ലോക്കോ പൈലറ്റിന്റെ മൊഴിയിലുണ്ട്. കുട്ടിയെ ഇടിച്ച ഉടൻ ട്രെയിൻ നിർത്തിയിരുന്നുവെന്നത് ഈ മൊഴിയെ സാധൂകരിക്കുന്നുണ്ടെന്നുമാണ് പൊലീസ് നിഗമനം.
പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും കാണാതായ വീട്ടിൽ നിന്ന് റെയിൽവേ ട്രാക്കിലേക്കുള്ള വഴിയും മറ്റുമായിരുന്നു നാട്ടുകാരിൽ സംശയമുയർത്തിയത്. കുട്ടിയെ ആരെങ്കിലും റെയിൽവേ ട്രാക്കിൽ കൊണ്ടുവെച്ചതാണോ എന്നായിരുന്നു നാട്ടുകാരുടെ സംശയം. ഇതോടെ വിശദമായ അന്വേഷണം നടത്തുകയായിരുന്നു.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15-ാം വാർഡ് വളഞ്ഞവഴി പുതുവൽ വിനീതിന്റെയും സൂര്യ ബാബുവിന്റെയും മകൻ തൃണവാണ് മരിച്ചത്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ബന്ധുവീട്ടിലായിരുന്നു കുട്ടി. കുട്ടിയുടെ മുത്തശ്ശി കുളിക്കാൻ പോയപ്പോൾ ബന്ധുവീട്ടിൽ ഏൽപ്പിച്ചതായിരുന്നു. ഇവരുടെ ശ്രദ്ധമാറിയപ്പോൾ കുട്ടി റെയിൽവേ ട്രാക്കിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഈ ഭാഗത്തുനിന്ന് സി.സി.ടി.വി ദൃശ്യങ്ങളൊന്നും ലഭിക്കാത്തതിനാൽ ലോക്കോപൈലറ്റിന്റെ മൊഴി വിശ്വാസത്തിലെടുത്താണ് പൊലീസിന്റെ നീക്കം. ഈ വീട്ടിൽനിന്ന് കാണാതായ കുട്ടിയെ, വീട്ടിൽ നിന്ന് കുറച്ചകലെയായി റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

