പോറ്റിയേ, കേറ്റിയേ... പാരഡി ഗാനത്തിനെതിരായ കേസ് പിൻവലിച്ചിട്ടില്ലെന്ന് പൊലീസ്
text_fieldsകോട്ടയം: ‘പോറ്റിയെ കേറ്റിയെ...’ എന്ന വിവാദ പാരഡിഗാനത്തിന്‍റെ പിന്നണിയിൽ പ്രവർത്തിച്ചവർക്കെതിരെയെടുത്ത കേസ് അവസാനിപ്പിക്കാനുള്ള നിർദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. സർക്കാറിനും എൽ.ഡി.എഫിനുമെതിരെ പരാമർശങ്ങളുള്ളതിനാൽ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കാൻ സർക്കാർ നിർദേശിച്ചിരുന്നു.
ഇതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനവും വന്ന സാഹചര്യത്തിൽ കേസ് അവസാനിപ്പിക്കുകയാണെന്ന വാർത്തകളും പുറത്തുവന്നു. എന്നാൽ, കേസ് അവസാനിപ്പിക്കാനുള്ള യാതൊരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിൽ പൊലീസ് വ്യക്തമാക്കുന്നത്.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ, ഹൈകോടതി അഭിഭാഷകൻ കുളത്തൂർ ജയ്‌സിങ്ങിന് നൽകിയ വിവരാവകാശ മറുപടിയിൽ, കേസ് നിലവിൽ അന്വേഷണ അവസ്ഥയിലാണെന്ന് വ്യക്തമാക്കി. വാദിയുടെ മൊഴി രേഖപ്പെടുത്തിയതായും പ്രതികൾക്ക് നോട്ടീസ് നൽകിയിട്ടില്ലെന്നും പ്രതികളെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും അറിയിച്ചു.
അയ്യപ്പഭക്തർക്ക് മുന്നിൽ ശരണമന്ത്രത്തെ അപമാനിച്ചു, മതസ്പർധയുണ്ടാക്കി തുടങ്ങിയവ ആരോപിച്ച് റാന്നി തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഗാനരചയിതാവ് ജി.പി കുഞ്ഞബ്ദുല്ല, ഗായകൻ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, സി.എം.എസ് മീഡിയ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
പാട്ട് പ്രചരിപ്പിക്കുന്ന സെറ്റുകളിൽനിന്ന് നീക്കം ചെയ്യുമെന്നതടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർ ആദ്യം വ്യക്തമാക്കിയെങ്കിലും പിന്നീട് ആഭ്യന്തര വകുപ്പ് പിന്നോട്ടുപോയി. പാട്ട് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുമോയെന്നതിനെക്കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ശക്തിപ്പെട്ടതോടെയാണ് തുടർനടപടികൾ വേണ്ടായെന്ന് നിലപാട് ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

