കണ്ണൂർ: പാനൂരിലെ ഒന്നര വയസുകാരി അൻവിതയുടേതത് കൊലപാതകമെന്ന് സിറ്റി പൊലീസ് കമീഷണർ. ഒളിവിൽ കഴിയുന്ന ഷിജുവിനെ കുറിച്ച് സൂചനകൾ ലഭിച്ചെന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോ പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പുറമെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനും ഷിജുവിനെതിരേ കേസെടുത്തിട്ടുണ്ട്. തലശേരി എ.സി.പി വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇന്നലെ രാത്രി തന്നെ സംഭവസ്ഥലത്ത് എത്തിയിരുന്നു. ഒളിവിലുള്ള ഷിജുവിനെ കണ്ടെത്താനായി പോലീസ് ഊർജിതമായ അന്വേഷണം നടത്തി വരികയാണ്.
പ്രതിയെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാണെന്നും പ്രതിയെ കുറിച്ച് ലഭിച്ച വിവരങ്ങൾ വെളിപ്പെടുത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. അൻവിതയെ കൊലപ്പെടുത്തിയതിനും സോനയെ കൊല്ലാൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഭാര്യയും കുഞ്ഞിനെയും ആസൂത്രിതമായി കൊലപ്പെടുത്താനുള്ള തന്ത്രമാണ് ഭർത്താവായ ഷിജു നടത്തിയതെന്നു ദൃക്സാക്ഷികളുടെ മൊഴിയിൽനിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു.
പാനൂർ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനേയും പുഴയിൽ വീണ നിലയിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് കണ്ടെത്തിയത്. പാത്തിപ്പാലം വളള്യായി റോഡിൽ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസുകാരി അൻവിത മരിച്ചു.
കുഞ്ഞിനെ പുഴയിൽ തള്ളിയതിനു പിന്നാലെ സോനയെയും തള്ളി. പുഴയിലേക്കു വീണ അൻവിത തത്ക്ഷണം മരിച്ചു.താഴെ വീഴാതെ കൈവരിയിൽ പിടിച്ചുനിന്ന സോനയുടെ കൈയിൽ ചെരുപ്പുകൊണ്ട് ഇയാൾ പലവട്ടം അടിച്ചു. പിടിവിടുവിച്ചു താഴേക്കു വീഴ്ത്താനായിരുന്നു ഇത്. സമീപത്തുള്ളവർ എത്തിയതോടെ ഷിജു സ്ഥലം വിടുകയായിരുന്നു.
ഭാര്യയെയും മകളെയും ബൈക്കിൽ പുഴക്കരയിൽ എത്തിച്ചാണ് ഷിജു കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.തലശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച അൻവിതയുടെ മൃതദേഹം കതിരൂർ എസ്.ഐ കെ.വി.ഉമേഷിന്റെ നേതൃത്വത്തിൽ പോലീസ് പോസ്റ്റ്മോർട്ടം നടത്തി.അൻവിത മരിച്ച വിവരം ഇതുവരെ സോനയെ അറിയിച്ചിട്ടില്ല.
തലശേരി കോടതിയിലെ ജീവനക്കാരനാണ് ഷിജു. കൊല്ലേരി യു.പി സ്കൂൾ അധ്യാപികയാണ് സോന. ക്രൂരകൃത്യം നടത്താൻ ഷിജുവിനെ പ്രേരിപ്പിച്ച കാരണമെന്താണെന്നു പൊലീസിന് വ്യക്തമായിട്ടില്ല.