കുട്ടിയുടെ വിളി, പാഞ്ഞെത്തി പൊലീസ്, തൂങ്ങിമരിക്കാൻ ശ്രമിച്ച സ്ത്രീയെ രക്ഷിച്ചു
text_fieldsതൃശൂർ: ‘സാർ, ഒന്നു വേഗം വീട്ടിലേക്ക് വരണം, എന്റെ അമ്മ എന്തോ വിഷമത്തോടെ മുറിയിൽ കടന്നു വാതിലടച്ചു. തുറക്കുന്നില്ല, എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നു. വേഗം വരണം’. വെള്ളിയാഴ്ച രാവിലെ വിയ്യൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പെൺകുട്ടി പറഞ്ഞ കാര്യമാണിത്. സ്റ്റേഷനിൽ പരേഡിന് തയാറാകുകയായിരുന്ന പൊലീസുകാർ ഉടൻ പെരിങ്ങാവിലെ വീട്ടിലേക്ക് ജീപ്പിൽ പാഞ്ഞു. യാത്രക്കിടയിൽ അവർ പെൺകുട്ടിയോട് കൃത്യമായ ലൊക്കേഷൻ ചോദിച്ച് മനസ്സിലാക്കുകയും സമാധാനിപ്പിക്കുകയും ചെയ്തു. വീട്ടിലെത്തിയപ്പോൾ പ്രായമായ അച്ഛനും അമ്മയും കുട്ടിയുമാണുള്ളത്. കുട്ടി മുറിയുടെ വാതിലിൽ മുട്ടി നിന്ന് കരയുന്നുണ്ട്. പൊലീസുകാർ ഉടൻ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് വാതിൽ തകർത്ത് മുറിയിലേക്കു കയറി. ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു മുറിയിൽ.
ഫാനിൽ തൂങ്ങിമരിക്കാൻ ശ്രമിച്ച സ്ത്രീയെയാണ് കണ്ടത്. സബ് ഇൻസ്പെക്ടർ ജിനു കുമാറും സീനിയർ സിവിൽ പൊലീസ് ഓഫിസർ നിഷിയും ചേർന്ന് സ്ത്രീയെ ഉയർത്തിപ്പിടിച്ചു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ എ.വി. സജീവ് ഷാൾ മുറിച്ച് താഴെയിറക്കി. ഉടൻ പൊലീസ് ജീപ്പിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
മൂന്നു മണിക്കൂറിനുശേഷം അപകടനില തരണം ചെയ്തു. തക്കസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാലാണ് രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു. കുടുംബപ്രശ്നമാണ് സ്ത്രീയെ കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. ആത്മഹത്യാപ്രവണതയുള്ളവർ ദിശ ഹെൽപ് ലൈനിലോ (1056), ടെലി മനസ്സ് ഹെൽപ് ലൈനിലോ (14416) ബന്ധപ്പെടണമെന്ന് പൊലീസ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

