മൊബൈൽ ഫോൺ സൗദിയിൽ നഷ്ട്ടപ്പെട്ടു; നാട്ടിലെത്തിച്ച് ഉടമക്ക് കൈമാറി കേരള പൊലീസ്
text_fieldsനഷ്ടപ്പെട്ട മൊബൈൽ ഫോൺ സൗദിയിൽനിന്ന് എത്തിച്ച് ഒറ്റപ്പാലം പൊലീസ് ഉടമക്ക് കൈമാറുന്നു
ഒറ്റപ്പാലം: നഷ്ടപ്പെട്ട മൊബൈൽ ഫോൺ വിദേശത്താണെന്ന് കണ്ടെത്തുകയും തുടർന്ന് തപാൽ മാർഗം നാട്ടിലെത്തിച്ച് ഉടമക്ക് തിരികെ നൽകുകയും ചെയ്ത് ഒറ്റപ്പാലം പൊലീസ്. സെൻട്രൽ എക്യുപ്മെൻറ് ഐഡന്റിറ്റി റജിസ്റ്റർ (സി.ഇ.ഐ.ആർ) പോർട്ടലിന്റെ സഹായത്തോടെയാണ് നഷ്‌ടമായ മൊബൈൽ ഫോൺ സൗദിയിലാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫോൺ കൈവശം വെച്ചയാളെ തിരിച്ചറിയുകയും ഫോണിലൂടെ ബന്ധപ്പെട്ട് അയാളോട് തപാൽമാർഗം അയക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജോബി നടത്തിയ ലൊക്കേഷൻ പരിശോധനയിലാണ് മൊബൈൽ ഫോൺ സൗദിയിലാണെന്ന് കണ്ടെത്തിയത്. ഉടമയെ തിരിച്ചറിയാൻ ആവശ്യമായ പരിശോധനകൾക്ക് ശേഷമാണ് ഫോൺ കൈമാറിയത്. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന മുറക്ക് സി.ഇ.ഐ.ആർ പോർട്ടലിൽ വിവരം രജിസ്റ്റർ ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ കടലുകൾക്കപ്പുറത്തുനിന്നും മൊബൈൽ ഫോൺ കണ്ടെത്തി ഉടമക്ക് തിരികെയെത്തിച്ച ഒറ്റപ്പാലം പൊലീസിന്റെ സേവനത്തെ നാട്ടുകാർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

