കുട്ടികളുമായി കടലിൽ ചാടാനെത്തിയ സ്ത്രീയെ പൊലീസ് രക്ഷിച്ചു
text_fieldsആലപ്പുഴ: ബീച്ചിന് തെക്കുവശം കുട്ടികളുമായി കടലിൽ ചാടി ആത്മഹത്യചെയ്യാൻ എത്തിയ വീട്ടമ്മയെ ടൂറിസം പൊലീസും കോസ്റ്റൽ വാർഡന്മാരും ചേർന്ന് രക്ഷിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.45ഓടെ അഞ്ചുവയസ്സുള്ള പെൺകുട്ടിയും രണ്ട് വയസ്സുള്ള ആൺകുട്ടിയുമായാണ് 32 വയസ്സുള്ള വീട്ടമ്മ ആത്മഹത്യ ചെയ്യാൻ എത്തിയത്.
കുടുംബ പ്രശ്നത്തെതുടർന്ന് വനിത സെല്ലിൽ കൗൺസലിങ്ങിന് എത്തിയ വീട്ടമ്മ, അവിടെനിന്ന് ബീച്ചിലെത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ കോസ്റ്റൽ വാർഡന്മാരെ വിവരമറിയിച്ചു. ടൂറിസം പൊലീസ് സ്ഥലത്തെത്തി ഇവരെ പിന്തിരിപ്പിച്ചു. യുവതിയെയും കുട്ടികളെയും പൊലീസിെൻറ നേതൃത്വത്തിൽ വനിത സെല്ലിൽ എത്തിച്ച് കൗൺസലിങ്ങിനുശേഷം ഭർത്താവുമായി ചർച്ച നടത്തി വീട്ടിലേക്ക് പറഞ്ഞയച്ചതായി ടൂറിസം എസ്.ഐ സി. രാജേഷ് അറിയിച്ചു.
ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ആൻറണി അനീഷ്, വനിത സീനിയർ സി.പി.ഒ സീമ, അർത്തുങ്കൽ കോസ്റ്റൽ സ്റ്റേഷനിലെ വാർഡന്മാരായ റോബിൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് യുവതിയെയും കുട്ടികളെയും രക്ഷിച്ചത്.

