വ്യാജ പട്ടയക്കേസിൽ അന്വേഷണത്തിനും അറസ്റ്റിനും മടിച്ച് പൊലീസ്
text_fieldsപെരിന്തൽമണ്ണ: വ്യാജ പട്ടയം നിർമിച്ച് ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ പ്രധാന വകുപ്പുകളിട്ട് കേസെടുത്തിട്ടും അന്വേഷണത്തിനും അറസ്റ്റിനും മടിച്ച് പൊലീസ്. പൊന്യാകുർശ്ശിയിൽ 30/6, 30/7 സർവേ നമ്പറുകളിൽ ഉൾപ്പെട്ട ഭൂമി വ്യാജപട്ടയം നിർമിച്ച് മറിച്ചുവിറ്റു എന്ന പരാതിയിൽ മുഹമ്മദ് സഹീദുല്ല (65), സി.പി.എം നഗരസഭ അംഗം സക്കീന (53) എന്നിവർക്കെതിരെയാണ് കേസ്. റവന്യൂ, രജിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത്തരത്തിൽ കൃത്രിമം നടത്തിയതെന്നും പരാതിയുണ്ട്. വിശദ അന്വേഷണത്തിൽ മാത്രമേ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാവൂ.
2021 ജൂലൈ 29നാണ് കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ, എഫ്.ഐ ആറിട്ട് ഒരുവർഷവും മൂന്നുമാസവും കഴിഞ്ഞിട്ടും വേണ്ടവിധം അന്വേഷണം നടത്താനോ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനോ പൊലീസ് മുതിർന്നിട്ടില്ല. പ്രതികളുടെ മുൻകൂർ ജാമ്യഹരജി പരിഗണിച്ച വേളയിലും േപ്രാസിക്യൂഷൻ അതിനെ എതിർക്കാൻ താൽപര്യമെടുത്തില്ല. രണ്ടാം പ്രതിക്ക് ഉപാധികളോടെ മഞ്ചേരി ജില്ല സെഷൻസ് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
പരാതിക്കാരനും ഒന്നാം പ്രതിക്കും അവകാശപ്പെട്ട ഭൂമി ഭാഗിച്ചു കിട്ടുന്നതിന് വേണ്ടി രേഖകൾ പരിശോധിച്ചപ്പോഴാണ് വ്യാജരേഖ ചമച്ച് തട്ടിയെടുത്തതായി കണ്ടെത്തിയത്. 16 ആധാരങ്ങളിലായാണ് ഭൂമി കൈമാറ്റം നടത്തിയത്. ഈ ആധാരങ്ങൾക്ക് അടിസ്ഥാനമാക്കിയ പട്ടയ നമ്പർ വെച്ച് മഞ്ചേരി ലാൻഡ് ൈട്രബ്യൂണലിൽനിന്ന് രേഖ തരപ്പെടുത്തിയപ്പോഴാണ് ഒന്ന് ഏലംകുളത്തെയും മറ്റൊന്ന് ആനക്കയത്തെയും മേൽവിലാസങ്ങളിലുള്ള രണ്ടു പട്ടയങ്ങളിലെ നമ്പർ മാത്രം ഉപയോഗപ്പെടുത്തിയിരിക്കുകയാണെന്ന് അറിയുന്നത്.
വഞ്ചന, കൃത്രിമരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങളടക്കം ഐ.പി.സി 417, 418,419,420, 465, 466,471,474 എന്നീ വകുപ്പുകളിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്തതല്ലാതെ പൊലീസ് അന്വേഷണഘട്ടത്തിലേക്ക് ഇതുവരെ കടന്നിട്ടില്ല. വലിയതോതിൽ രാഷ്ട്രീയ സമ്മർദമാണിതിന് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

