കരുനാഗപ്പള്ളി : പോപ്പുലർഫ്രണ്ട് ദക്ഷിണമേഖല ഓഫീസിൽ പോലീസ് റെയ്ഡ് നടത്തി. പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കുസമീപമുള്ള ഓഫീസിലാണ് കരുനാഗപ്പള്ളി പോലീസിൻറ നേതൃത്വത്തിൽ റെയ്ഡ് നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ വിവിധ ഭാഗങ്ങളിൽ നിന്നും ഇവിടെ വന്നു പോകുന്നുവെന്ന വിവരം ലഭിച്ചതിെന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമീഷണർ ടി. നാരായണൻ്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു പരിശോധന നടന്നത്.
വൻ പോലീസ് സന്നാഹത്തോടെ ആയിരുന്നു റെയ്ഡ്. റെയ്ഡ് വിവരം അറിഞ്ഞതോടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രദേശത്ത് എത്തിയിരുന്നു. റെയ്ഡിൻ്റെ ദൃശ്യങ്ങൾ പകർത്താനെത്തിയ പ്രാദേശിക വാർത്താചാനൽ ക്യാമറാമാൻ രാജനെ ചിലർ മർദ്ദിച്ചു. തലയ്ക്കും മുഖത്തും രാജന് പരിക്കേറ്റു. ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും പൊലീസ് എത്തി തിരികെ നൽകുകയായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ രാജനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രാജൻ കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി. റെയ്ഡിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഏതാനും ലഘുലേഖകൾ മാത്രമാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.