മിഹിറിന്‍റെ മരണം: റാഗിങ് പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിൽനിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസ് അന്വേഷണം ആരംഭിച്ചു. ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവരായതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്. പരാതിയിൽ മിഹിറിന്‍റെ സഹോദരന്‍റെ മൊഴിയെടുത്തു. സ്കൂൾ മാനേജ്മെന്‍റിന്‍റെയും കുട്ടികളുടെയും മൊഴി വൈകാതെ രേഖപ്പെടുത്തും. ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും.
തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടെയാണ് പുത്തൻകുരിശ് പൊലീസും അന്വേഷണം നടത്തുന്നത്. കുട്ടിയുടെ ആത്മഹത്യയിൽ പൊലീസിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും അന്വേഷണം തുടരുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് ഉടൻ കൈമാറും.
സ്കൂൾ മാനേജ്മെന്‍റ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മിഹിറിന്റെ അമ്മ രജ്ന രംഗത്തെത്തിയിരുന്നു. ജെംസ് സ്കൂളിൽനിന്ന് മിഹിറിനെ പുറത്താക്കിയിട്ടില്ല. അവിടെ നിന്നും ട്രാൻസ്ഫർ വാങ്ങി ഗ്ലോബൽ സ്കൂളിൽ പഠനത്തിനായി എത്തിയതാണെന്നുമാണ് രജ്ന വ്യക്തമാക്കിയിട്ടുള്ളത്. വിശദീകരണക്കുറിപ്പിലൂടെ സ്കൂള്‍ അധികൃതർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും റാഗിങ്ങിനിരയായ വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന വാദം തെറ്റാണെന്നും മിഹിറിന്‍റെ മാതാവ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സ്കൂള്‍ നേരത്തെ ഇടപെട്ടിരുന്നുവെങ്കില്‍ മകന്‍ ജീവനൊടുക്കില്ലായിരുന്നു. മുമ്പ് പഠിച്ച സ്കൂളില്‍നിന്ന് പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും അവർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.