അഫാനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയാറെടുപ്പുമായി പൊലീസ്
text_fieldsതിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ കസ്റ്റഡിയിൽ വാങ്ങാനുള്ള തയാറെടുപ്പുമായി പൊലീസ്. വെഞ്ഞാറമൂട്, പാലോട് പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങൾ നടന്നത്. ഇതിൽ നാല് കൊലപാതകങ്ങളും വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലാണ്. അഫാന്റെ മാതാവ്, സഹോദരൻ, പെൺസുഹൃത്ത്, പിതാവിന്റെ സഹോദരൻ, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങളാണിവ. മാത്രമല്ല, ആഭരണം പണയം വെച്ചത്, ആയുധം-വിഷം-മദ്യം എന്നിവ വാങ്ങിയത്, ഓട്ടോയിൽ സഞ്ചരിച്ചതുമെല്ലാം വെഞ്ഞാറമൂട് കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് പ്രതിയെ ആദ്യം കസ്റ്റഡിയിൽ വാങ്ങുക വെഞ്ഞാറമൂട് പൊലീസായിരിക്കും.
പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിലാണ്. കസ്റ്റഡിയിൽ വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കുന്നതിന് ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ ബുധനാഴ്ച വെഞ്ഞാറമൂട്, പാങ്ങോട്, കിളിമാനൂർ സി.ഐമാരുടെ യോഗം ചേർന്നിരുന്നു. പ്രതിയുടെ ആരോഗ്യ-മാനസികാവസ്ഥകൾ മനസ്സിലാക്കിയതിനു ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക.
സാമ്പത്തിക ബാധ്യതകളാണ് കൂട്ടക്കൊലക്ക് പ്രേരണയായതെന്ന മൊഴിയിലാണ് അഫാൻ ഉറച്ചുനിൽക്കുന്നത്. അതേ സമയം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ എന്തുകൊണ്ട് ഇത്രയധികം കടമുണ്ടായെന്ന കാര്യത്തിൽ വ്യക്തത വരൂ. കടക്കണിയിൽ നിൽക്കുമ്പോൾ ഏതാനും മാസങ്ങൾക്കുമുമ്പ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് പുതിയ ബൈക്ക് വാങ്ങിയിരുന്നു. അഫാന് പറയുന്നതുപോലെയുള്ള സാമ്പത്തിക ബാധ്യത കുടുംബത്തിനില്ലെന്നായിരുന്നു പിതാവിന്റെ മൊഴി. ഇതോടെയാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണത്തില്‍ വീണ്ടും അവ്യക്തത വന്നത്. 15 ലക്ഷം രൂപയുടെ കടമാണുള്ളതെന്നും അത് താന്‍ തന്നെ പരിഹരിക്കുമായിരുന്നെന്നുമാണ് റഹീം പറഞ്ഞത്. പണം നൽകാനുള്ളവരുടെ മൊഴി ഇതിനകം തന്നെ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.