എപ്പോ വേണമെങ്കിലും അക്രമിക്കപ്പെട്ടേക്കാമെന്ന് പൊലീസ് അറിയിച്ചെന്ന് പയ്യന്നൂരിലെ വൈശാഖ്
text_fieldsകണ്ണൂർ: യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുൻ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനോട് അനുയായി വൈശാഖിന് അക്രമിക്കപ്പെട്ടേക്കാമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഫേസ് ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ഈ വിവരം വൈശാഖ് പുറം ലോകത്തെ അറിയിച്ചത്.
കുറിപ്പ് പൂർണരൂപത്തിൽ : നിയമസഭ ഇലക്ഷന് ശേഷം എന്റെ വീടിന് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്.. 2 പോലീസ് വീട്ടിൽ കാവൽ ഉണ്ട്, കഴിഞ്ഞ ദിവസം പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു അറിയിപ്പ് കിട്ടി വീട്ടിൽ CCTV സ്ഥാപിക്കുന്നതാണ് നല്ലതെന്ന്.. സത്യം പറഞ്ഞാൽ എന്താണ് ഇവിടെ നടക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലാവുന്നില്ല..
തദ്ദേശ തെരഞ്ഞെടുപ്പിൽ ഞാൻ എന്റെ ഭാഗത്തെ ശരി തെളിയിക്കാൻ ആണ് മത്സരത്തിന് ഇറങ്ങിയത്, എന്നെയും ഞാൻ അനുഭവിച്ച കാര്യങ്ങളെയും എന്നേക്കാൾ ബോധ്യമുള്ള എന്റെ ജനങ്ങൾ എന്നെ തെരഞ്ഞെടുത്തു.. എന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്ക് വേണ്ടി എന്നാൽ കഴിയും വിധം ഞാൻ എന്റെ വാർഡിന്റെ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് മുന്നോട്ട് പോവുകയാണ്..
തെറ്റെന്നു ബോധ്യമുള്ളതിനെ പിന്നെയും പിന്നെയും ചിലർ ശരിയെന്നു ഉയർത്തി കാണിക്കുമ്പോൾ അത് തെറ്റാണെന്ന് വിളിച്ച് പറയാൻ നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്തമുണ്ട് എന്ന് തന്നെയാണ് വിശ്വാസം.. ഞാൻ പ്രവർത്തിച്ച സംഘടനയിൽ വ്യക്തി താല്പര്യം മുൻ നിർത്തി ചിലരുടെ ഇടപെടൽ ഉണ്ടായപ്പോ അത് അംഗീകരിക്കാൻ ആവില്ല എന്ന നിലപാട് എടുത്തിട്ടുണ്ട്.. ആരെയും കണ്ട് ആരുടെയും പിന്നാലെ നടന്നല്ല ഇതുവരെയും എന്നുള്ളത് കൊണ്ട് അവിടെ അടിമയെ പോലെ നിൽക്കാൻ മനസ് അനുവദിക്കാത്തത് കൊണ്ട് സ്വതന്ത്രമായി നിൽക്കാൻ തീരുമാനിച്ചു..
നിയമസഭ തെരഞ്ഞെടുപ്പുമായി എനിക്ക് വ്യക്തമായ എന്റെ നിലപാട് ഉണ്ടായിരുന്നു.. അത് പക്ഷെ എന്റെ ആ സമയത്തെ നിൽപ്പിനെ നന്നായി അറിയുന്നവർക്ക് അറിയാം..പൊതു സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ ശരി എന്ന് തോന്നുന്ന കാര്യത്തിൽ അതിനോട് യോജിക്കുന്നു എന്നും യോജിക്കാൻ പറ്റാത്ത കാര്യത്തിൽ വിയോജിക്കുന്നു എന്നും പറയാൻ ആർക്കും അവകാശമില്ലേ? അതൊക്കെ വ്യക്തിപരമായ കാര്യങ്ങൾ അല്ലെ.. എല്ലാവർക്കും അതിനുള്ള സ്വാതന്ത്രം ഇവിടെ ഉണ്ടല്ലോ.. പിന്നെ എങ്ങനെയാണ് ഇലക്ഷന് ശേഷം ഇവിടെ ചിലർക്ക് എതിരായി അഭിപ്രായം പറഞ്ഞവരുടെ വീടിനു മാത്രം സുരക്ഷയും അവർ മാത്രം എപ്പോ വേണമെങ്കിലും ആക്രമിക്കപെടാം എന്ന സാഹചര്യവും നിലനിൽക്കുന്നത്?? ജനാധിപത്യം എന്ന വാക്ക് അവനവനും മറ്റുള്ളവർക്കും ഒരു പോലെ മനോഹരമാവുന്ന പദമല്ലേ.. എപ്പോ വേണമെങ്കിലും അക്രമികപ്പെട്ടേക്കാം എന്നാണ് പോലീസ് നിർദേശം.. എത്രനാൾ പോലീസ് സംരക്ഷണം ഒരുക്കും എന്ന് അറിയില്ല.. ഞാൻ ആ ഭീഷണിയിൽ ഭയപ്പെടുന്നില്ല.. നാടിന്റെ കാവൽ എന്നും ജനങ്ങൾ ആണെന്ന് എനിക്ക് അറിയാം.. ഇവിടെ എനിക്ക് എന്റെ നാട് കൂടെ ഉണ്ട്.. എന്റെ ജനങ്ങൾ എന്നെ സംരക്ഷികുമെന്ന് എനിക്ക് ഉറപ്പുണ്ട്....
C Vaishak Karayil
പയ്യന്നൂർ കുഞ്ഞികൃഷ്ണന്റെ അനുയായികളോട് സുരക്ഷക്ക് സി.സി.ടി.വി വെക്കാൻ പൊലീസ്
കണ്ണൂർ: പയ്യന്നൂരിൽ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതിനാൽ വീട്ടിൽ സി.സി.ടി.വി വെക്കുന്നത് ഉചിതമായിക്കുമെന്ന് കാണിച്ച് പൊലീസ് കത്ത് നൽകി. പ്രദേശത്തെ അമ്പതോളം പേർക്കാണ് കത്ത് നൽകിയത്. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച മുൻ സി.പി.എം ജില്ല കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനോട് അടുപ്പം പുലർത്തുന്നവർക്കാണ് ഭീഷണിയുള്ളത്. ‘പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വ്യക്തികൾക്കും സ്വത്തുക്കൾക്കും സ്ഥാപനങ്ങൾക്കും സുരക്ഷ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് താങ്കളുടെ വീട്ടിൽ/സ്ഥാപനത്തിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുവാൻ താൽപര്യം’ എന്നാണ് കത്തിൽ പറയുന്നത്.
ഇതിനിടെ, പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്ന ടി. പുരുഷോത്തമന്റെ വീട് ആക്രമിക്കുകയും കാറിന് തീവെക്കുകയും ചെയ്ത കേസിൽ അഞ്ച് സി.പി.എം അറസ്റ്റിൽ. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളും പ്രവർത്തകരുമായ അജയ് കൃഷ്ണ, അശ്വിൻ, സുനാജ്, സുജിത് കുന്നിയൂർ എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂരിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചതിന്റെ പേരിൽ സി.പി.എം ബ്രാഞ്ചംഗം കൂടിയായ പയ്യന്നൂരിലെ ടി. പുരുഷോത്തമന്റെ കാർ കത്തിക്കുകയും വീട് ആക്രമിക്കുകയും ചെയ്ത കേസിലാണ് അഞ്ചംഗ സംഘം അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 12 ഓടെയാണ് ടി. പുരുഷോത്തമന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. വീടിന്റെ ജനൽച്ചില്ലുകൾ അടിച്ച് തകർത്ത അക്രമികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. ആക്രമണം നടത്തിയ ശേഷം പ്രതികൾ ഓടിപ്പോവുകയായിരുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്. പേരൂലിൽ എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളിലും പൊലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നു. ശനിയാഴ്ച സർവകക്ഷി അനുശോചന യോഗത്തിനു ശേഷം അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

