പൊലീസുകാരിയെ ബലാത്സംഗം ചെയ്ത എസ്.ഐയോട് കേസ് ഒതുക്കാൻ 25 ലക്ഷം ആവശ്യപ്പെട്ടു; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsതിരുവനന്തപുരം: വനിത പൊലീസുകാരിയെ ഇന്‍സ്‌പെക്ടര്‍ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന കേസ് മറച്ചുവെച്ചതിന് രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കെഎപി-മൂന്ന് ബറ്റാലിയനിലെ അസിസ്റ്റന്റ് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ളയെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനു ആന്റണിയെയുമാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
വനിത പൊലീസ് ഉദ്യോഗസ്ഥയുടെ പരാതി ഒതുക്കിതീര്‍ക്കുന്നതിന് കമാന്‍ഡന്റ് സ്റ്റാര്‍മോന്‍ ആര്‍. പിള്ള, കുറ്റാരോപിതനായ ഉദ്യോഗസ്ഥനോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടതും സംഭവം അറിഞ്ഞിട്ടും അനു ആന്റണി അത് മറച്ചുവച്ചതും പൊലീസ് സേനക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് നടപടിയെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളത്.
വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, സംഭവം നടന്നത് 2024 നവംബറിലാണ്. സബ് ഇന്‍സ്‌പെക്ടറായി ജോലി ചെയ്തിരുന്ന സഹപ്രവര്‍ത്തകന്‍ 2024 നവംബര്‍ 16 ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി അനു ആന്റണിയോടു വെളിപ്പെടുത്തി. തുടര്‍ന്ന് മൂന്നു ദിവസത്തിനു ശേഷം സ്റ്റാര്‍മോന്‍ ആര്‍. പിള്ളയെയും വിവരം അറിയിച്ചു.
തുടര്‍ന്ന് അതിജീവിതയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടു പോവുകയും ഇതിനിടയില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ കുറ്റാരോപിതനായ ഉദ്യോഗസ്ഥനില്‍ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതീജീവിതക്ക് ഇക്കാര്യങ്ങളൊന്നും അറിയില്ലായിരുന്നെന്നും ഡി.ജി.പി റിപ്പോര്‍ട്ട് ചെയ്തതായി വകുപ്പിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ പാനല്‍ സംസ്ഥാന പോലീസ് മേധാവി ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

