പൊലീസ് പ്രവർത്തിക്കേണ്ടത് നയം നോക്കി –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കുമെതിരെ കാപ്പ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും നയം എന്താണെന്ന് മനസ്സിലാക്കി വേണം പൊലീസ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം റേഞ്ചിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.
കേസുകൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസ് ജാഗ്രത കാട്ടണം. പൊലീസിെൻറ പ്രവർത്തനത്തിൽ ജാതി, സമുദായ, കക്ഷിരാഷ്ട്രീയ പക്ഷപാതിത്വം പാടില്ല. നവമാധ്യങ്ങള്‍ വഴി സര്‍ക്കാറിനെതിരായ വാര്‍ത്തകള്‍ പൊലീസുകാര്‍ പ്രചരിപ്പിക്കരുത്. പ്രകോപനപരമായി പെറുമാറുകയല്ല, ജാഗ്രത കാട്ടുകയാണ് വേണ്ടത്. അനാവശ്യമായി പ്രകോപിതരാകരുത്. സ്ത്രീകളോട് മാന്യമായി പെരുമാറണം. സ്ത്രീസുരക്ഷ സർക്കാറിെൻറ മുൻഗണന വിഷയമാണ്. ഒരു വനിത ഓഫിസർ ആഴ്ചയിൽ ഒരു ദിവസം പഞ്ചായത്ത് ഓഫിസിൽ എത്തി പരാതികൾ സ്വീകരിക്കണം. വനിതകൾക്ക് സ്വയംരക്ഷാ പരിശീലനം ഉൾപ്പെടെ വിവിധ സ്ത്രീസുരക്ഷാ പദ്ധതികൾ മുൻഗണന നൽകി നടപ്പാക്കണം. പൊലീസ് സ്റ്റേഷനുകളിൽ ജനങ്ങളെ സ്വീകരിക്കാൻ പി.ആർ.ഒ സംവിധാനം കാര്യക്ഷമമാക്കണം. മതനിരപേക്ഷതയിൽ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാവണം നടപ്പാക്കേണ്ടത്. അതിൽനിന്ന് വ്യതിചലിച്ചാൽ കർശന നടപടിയുണ്ടാകും. അച്ചടക്ക കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ചുപേരുടെ ഭാഗത്തുനിന്നായാലും തെറ്റായ പ്രവർത്തനങ്ങളുണ്ടായാൽ സേനയുടെ ആകെ യശസ്സിനെ ബാധിക്കും. ക്രിമിനൽ പ്രവർത്തനം നടത്തുന്ന പൊലീസുകാരെക്കുറിച്ച് സഹപ്രവർത്തകർതന്നെ വിവരം നൽകണം. ജനങ്ങളോട് മാന്യമായ പെരുമാറ്റം ഉറപ്പാക്കണം. മൂന്നാംമുറ സ്റ്റേഷനകത്തും പുറത്തും പാടില്ല. ലോക്കപ് ഭേദ്യമുറിയാണെന്ന ധാരണയുള്ള ചില പൊലീസുദ്യോഗസ്ഥരുണ്ട്. അതു മാറ്റണം. ട്രാഫിക് പരിശോധന വേളയിൽ മാന്യമായ പെരുമാറ്റം ഉറപ്പാക്കണം. ജനങ്ങളോട് തട്ടിക്കയറരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ മുതൽ ഐ.ജിവരെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തര സെക്രട്ടറി സുബ്രത ബിശ്വാസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഇൻറലിജൻസ് ഡി.ജി.പി മുഹമ്മദ് യാസിൻ, എ.ഡി.ജി.പി ഡോ. ബി. സന്ധ്യ, ഐ.ജി മനോജ് എബ്രഹാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
