പൊലീസിലെ മാനസിക സമ്മർദ്ദം; പരിഹാരം തേടുന്നവർ കൂടുന്നു
text_fieldsകോട്ടയം: തൊഴിലുമായി ബന്ധപ്പെട്ട മാനസിക സമ്മർദത്തിന് പരിഹാരം തേടിയെത്തുന്ന പൊലീസുകാരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ഏഴു വർഷത്തിനിടെ 6000 ത്തിലധികം പൊലീസുകാരാണ് മാനസിക സമ്മർദ്ദ പരിഹാരത്തിനുള്ള ആഭ്യന്തര വേദിയായ ഹാറ്റ്സിൽ (ഹെല്‍പ്പ് ആന്‍ഡ് അസിസ്റ്റന്‍സ് ടു ടാക്കിള്‍ സ്ട്രസ്) സഹായം തേടിയെത്തിയത്. 2017ലാണ് ഹാറ്റ്സ് രൂപവത്കരിച്ചത്. വനിതാ പൊലീസുകാർ ഈ സംവിധാനത്തോട് ആദ്യം വിമുഖത കാണിച്ചെങ്കിലും നിലവിൽ അവരും ഹാറ്റ്സിന്റെ ഭാഗമാണ്. 30 നും 45 നും ഇടയിൽ പ്രായമുള്ളവരാണ് ഹാറ്റ്സിനെ സമീപിക്കുന്നവരിൽ അധികവും. കൗണ്‍സിലിങ്ങ് ആണ് പ്രധാനമായും നടത്തുന്നത്.
തുടർ നിരീക്ഷണവും ഉണ്ടാകും. മരുന്നുകള്‍ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍, മാനസികരോഗ വിദഗ്ധരുടെ സേവനം ലഭ്യമാകുന്ന ആശുപത്രികളിലേക്കും ജീവനക്കാരെ അയക്കും. 12 മണിക്കൂറിലധികം ജോലി, വ്യക്തിപരമായ ആവശ്യങ്ങൾക്ക് അവധി ലഭിക്കാതിരിക്കൽ, അവധിയിലാണെങ്കിലും അടിയന്തരമായി ജോലിക്ക് ഹാജരാകേണ്ടി വരൽ തുടങ്ങിയ കാര്യങ്ങളാണ് കൂടുതലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കൂടുതൽ പൊലീസുകാർ എത്തുന്ന സാഹചര്യത്തിൽ ഹാറ്റ്സിന്റെ പ്രവർത്തനം വ്യാപിപ്പിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്.
പൊലീസുകാരിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കാൻ ‘കാവൽ കരുതൽ’ ‘ഫ്രൈഡേ ബോക്സ്’, ‘ഇൻ പേഴ്സൺ’ എന്നീ പുതിയ പദ്ധതികളും സേനയിൽ നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

