Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല, പണചാക്കുകളാണ് പലതും നിയന്ത്രിക്കുന്നത് നിതിന്റെ പിതാവ് രാജൻ

text_fields
bookmark_border
പൊലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല, പണചാക്കുകളാണ് പലതും നിയന്ത്രിക്കുന്നത് നിതിന്റെ പിതാവ് രാജൻ
cancel

കണ്ണൂർ: വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പൊലീസ് അന്വേഷണത്തിൽ നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് പിതാവ് രാജൻ. നിതിനെ എച്ച്.ഒ.ഡി ക്രൂരമായി അധിക്ഷേപിച്ചെന്നും കമൽ എന്ന ഹോസ്റ്റൽ വാർഡനും ലത എന്ന അധ്യാപികക്കും മകന്റെ മരണത്തിൽ പങ്ക് ഉണ്ടെന്നും പിതാവ് പറഞ്ഞു. പല തവണ പരാതി ഉന്നയിച്ചപ്പോഴും പ്രിൻസിപ്പൽ പരാതികൾ പൂഴ്ത്തി വെച്ചു. ആരോപണ വിധേയരെ തുറങ്കിലിടണമെന്നും നിതിന്റെ പിതാവ് പറഞ്ഞു.

മകൻ എത്തി ഒരു മാസം മുതൽ റാഗിങ് തുടങ്ങി‌യിരുന്നു. പല വസ്ത്രങ്ങൾക്ക് ഇടാൻ പോലും സമ്മതിച്ചില്ല. ടി ഷർട്ട്‌ ഇട്ടത് പോലും ഊരിപ്പിച്ചു. അന്നു തുടങ്ങിയതാണ് ക്രൂരത. കുളിക്കാൻ പോലും സമ്മതിച്ചില്ല. തുണി അലക്കാൻ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടി വന്നുവെന്ന് നിതിന്റെ പിതാവ് പറഞ്ഞു. തന്റെ മകന് എന്തായിരുന്നു ഒരു കുറവെന്ന് പിതാവ് ചോദിച്ചു. എല്ലാവരുടെയും മുന്നിൽ വെച്ച് പുഴുത്ത പട്ടിയെന്ന് വരെ വിളിച്ചു. മുമ്പ് താൻ ഒരു കൊല ചെയ്തിട്ട് ഉണ്ട് വീണ്ടും അത് ചെയ്യിപ്പിക്കരുതെന്ന് എച്ച്.ഒ.ഡി ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പഠിച്ച് ഉയർന്ന നിലയിൽ എത്തണമെന്ന് മകൻ ആഗ്രഹിച്ചു. മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് പറഞ്ഞു. കണ്ണൂരിലെ കോളജിൽ നിന്ന് ഇതുവരെ ആരും വന്നില്ല. കോളജിനുള്ളിൽ പോയി അനുഭവിച്ച ആളാണ് താൻ. ആ കെട്ടിടത്തിൽ മകൻ പോകേണ്ട കാര്യമില്ല. മകനെ ഓടിച്ചു കയറ്റിയതാണെന്ന് പിതാവ് ആരോപിച്ചു. പൊലീസ് അന്വേഷണത്തിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്നും പണചാക്കുകളാണ് പലതും നിയന്ത്രിക്കുന്നതെന്നും പിതാവ് പറഞ്ഞു. പല കുട്ടികൾക്കും നീതി ലഭിച്ചിട്ടില്ല. കോടതിയെ സമീപിക്കുമെന്ന് പിതാവ് രാജൻ വ്യക്തമാക്കി. നിതിൻ രാജ് ആത്മഹത്യ സംഭവത്തിൽ അധ്യാപകർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന വകുപ്പും പ്രകാരവും പൊലീസ് കേസെടുത്തിരുന്നു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നിതിന്റെ വീട് സന്ദർശിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമീഷനും യുവജന കമീഷനും കേസെടുത്തിരുന്നു.

മരിച്ച നിതിൻരാജിന്റെ പിതാവ് രാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അധ്യാപകന് ലഭിച്ച ഭീഷണി സന്ദേശങ്ങളിലും കോളുകളിലും പ്രത്യേകമായി സൈബർ പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിശദ അന്വേഷണം നടത്താൻ പ്രത്യേക സംഘം രൂപീകരിച്ചു. കണ്ണൂർ എ.സി.പി ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. ചക്കരക്കൽ പൊലീസ് ഇൻസ്പെക്ടർ കെ.എ. ഫക്രുദ്ദീൻ, ചക്കരക്കൽ എസ്.ഐ, സീനിയർ സിവിൽ പൊലീസ് ഓഫിസർ/ സിവിൽ പൊലീസ് ഓഫിസർ, കണ്ണൂർ സിറ്റി സൈബർ സെൽ എന്നിവരുൾപ്പെടെ ഏഴുപേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - There is no hope of getting justice in the police investigation, Nithin's father Rajan controls many things with his money bags
Next Story