രാഹുൽ മുങ്ങിയ ചുവന്ന കാർ സിനിമ താരത്തിന്റേതാണെന്ന് സൂചന; കോയമ്പത്തൂരിലേക്കു കടന്നെന്ന്
text_fieldsപാലക്കാട്: ലൈംഗികപീഡനക്കേസിൽ യുവതി പരാതി നൽകിയതിനു പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പാലക്കാട്ടുനിന്ന് മുങ്ങിയത് ചുവന്ന കാറിലെന്ന് അഭ്യൂഹം. കാർ ഒരു സിനിമ താരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായി സൂചന ലഭിച്ചെന്നതിനെ ചൊല്ലിയാണ് വാർത്തകൾ പരന്നത്. എന്നാൽ, പൊലീസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
സ്വന്തം വാഹനം ഫ്ലാറ്റിൽ നിർത്തിയിട്ട ശേഷമാണ് മറ്റൊരു കാറിൽ രാഹുൽ പോയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് മനസ്സിലായത്. നമ്പർ പരിശോധിച്ചപ്പോൾ, കാർ സിനിമാ താരത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞതായാണ് പ്രചാരണം.
അതേസമയം, ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ കോയമ്പത്തൂരിലേക്ക് കടന്നതായാണ് സൂചന. കോയമ്പത്തൂരിലും ബംഗളൂരുവിലും പൊലീസ് പരിശോധന നടത്തുമെന്നാണ് വിവരം. അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസിനു കീഴിൽ പ്രത്യേക സംഘമുണ്ട്. ഇതിനു പുറമേ ഓരോ ജില്ലകളിലും ഓരോ സംഘങ്ങളെയും ജില്ല പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ നിയോഗിച്ചിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് ഓരോ ജില്ലയിലെയും പരിശോധന.
രാഹുലിന്‍റെ പാലക്കാട് കുന്നത്തൂർമേട്ടിലെ ഫ്ലാറ്റിൽനിന്ന് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഒരു മാസത്തെ ദൃശ്യങ്ങൾ എസ്.ഐ.ടി സംഘം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. ഇതിൽ രാഹുൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡി.വി.ആറിൽനിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത്. അപ്പാർട്മെന്‍റ് കെയർടേക്കറെ സ്വാധീനിച്ച് ഡിലീറ്റ് ചെയ്തെന്നാണ് സംശയം. പഴയ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഫ്ലാറ്റിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതായി പാലക്കാട് എ.എസ്.പി രാജേഷ്‍ കുമാർ പറഞ്ഞിരുന്നു. ഒളിവിൽ പോയ വഴി കണ്ടെത്താൻ പാലക്കാട് കണ്ണാടിയിൽനിന്ന് തുടങ്ങി ഒമ്പതിടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.
മലമ്പുഴയിലെ റിസോർട്ടിൽ രാഹുൽ താമസിച്ചെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് എത്തിയെന്ന പ്രചാരണം പൊലീസ് തള്ളി. ഒളിവിലല്ലെന്ന് തോന്നിപ്പിക്കാൻ നടത്തിയ നീക്കമായിരുന്നു അതെന്നാണ് വിലയിരുത്തൽ. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ നിരവധി നീക്കങ്ങൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം രാഹുലിന്റെ പേഴ്സനൽ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും ചോദ്യംചെയ്തിരുന്നു.
രാഹുൽ ഈശ്വർ റിമാൻഡിലായതിന് പിന്നാലെ മുൻകൂർ ജാമ്യംതേടി സന്ദീപ് വാര്യർ
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ അതിജീവിതക്കു നേരെയുള്ള സൈബർ അധിക്ഷേപ കേസിൽ മുൻകൂർ ജാമ്യപേക്ഷ നൽകി കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ. കേസില്‍ അഞ്ചാം പ്രതിയായ രാഹുല്‍ ഈശ്വർ അറസ്റ്റിലായി കോടതി ജാമ്യാപേക്ഷ തള്ളി റിമാൻഡിലാകുകയും ചെയ്തതിനു പിന്നാലെയാണ് നാലാം പ്രതിയായ സന്ദീപ് വാര്യർ തിങ്കളാഴ്ച തിരുവനന്തപുരം ജില്ല സെഷന്‍സ് കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ ചേർത്താണ് അതിജീവിത പരാതി നൽകിയത്. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പേജിലെ ഒരു വർഷം മുമ്പുള്ള ചിത്രം പ്രചരിപ്പിച്ചായിരുന്നു കൂടുതലും അധിക്ഷേപം. തുടർന്ന് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചിരുന്നു.
പത്തനംതിട്ട മഹിള കോണ്‍ഗ്രസ് ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപാ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട് ഉടമ) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേര്‍ത്താണ് സിറ്റി സൈബർ പൊലീസ് കേസെടുത്തത്. ഇലക്ട്രോണിക് സംവിധാനങ്ങളുടെ ദുരുപയോഗവും ചുമത്തി. രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.
രാഹുല്‍ ഈശ്വർ സമര്‍പ്പിച്ച ജാമ്യഹരജി തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. ഡിസംബര്‍ 15 വരെയാണ് റിമാന്‍ഡ്. രാഹുലിനെ പൂജപ്പുര ജില്ല ജയിലിലേക്ക് മാറ്റി. ജയിലില്‍ നിരാഹാരമിരിക്കുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

