ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ഓഫിസിൽ പൊലീസ് പരിശോധന
text_fieldsകോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജനൽ ഓഫിസിൽ പൊലീസ് പരിശോധന. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത തയാറാക്കിയെന്ന പി.വി. അൻവർ എം.എൽ.എയുടെ പരാതിയിൽ ശനിയാഴ്ച വെള്ളയിൽ പൊലീസ് ചാനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പിന്നാലെയാണ് ഞായറാഴ്ച രാവിലെ പത്തരക്ക് പി.ടി. ഉഷ റോഡിലെ ഓഫിസിൽ പരിശോധന ആരംഭിച്ചത്. ജില്ല ക്രൈംബ്രാഞ്ച് അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിൽ എട്ടുപേരടങ്ങുന്ന പൊലീസും തഹസിൽദാറും വില്ലേജ് ഓഫിസറും ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്. ഓഫിസിലെ കമ്പ്യൂട്ടറുകളിൽ സൂക്ഷിച്ച വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ളവയാണ് പൊലീസ് പരിശോധിക്കുന്നത്.
പരാതിയിൽ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റീജനൽ എഡിറ്റര്‍ ഷാജഹാന്‍ കാളിയത്ത്, വിഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ്, പെണ്‍കുട്ടിയുടെ മാതാവ് എന്നിവര്‍ക്കെതിരെ പോക്സോ, വ്യാജ രേഖ ചമക്കൽ, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
2022 നവംബർ പത്തിന് ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത റിപ്പോർട്ടിൽ സ്കൂൾ വിദ്യാർഥിനിയുടേതായി വന്ന അഭിമുഖം വ്യാജമാണെന്നായിരുന്നു പരാതി. സഹപാഠികള്‍ ലൈംഗികമായി ചൂഷണം ചെയ്യാറുണ്ടെന്നും പത്തിലധികം വിദ്യാര്‍ഥിനികള്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ടെന്നും അഭിമുഖത്തിൽ മുഖംമറച്ച പെൺകുട്ടി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

